treee
കണിക്കൊന്ന

കോഴിക്കോട്: കണിക്കൊന്ന പൂവിട്ടതു കണ്ടാൽ മലയാളിയുടെ മനസിൽ പൂത്തിരി കത്തും. വിഷുവിന്റെ വരവറിയിക്കൽ കൂടിയാണ് മലയാളിക്ക് കൊന്നക്കാലം. മീനം കനത്തതോടെ നാട്ടിലും നഗര വഴികളിലുമെല്ലാം ഇപ്പോൾ കണിക്കൊന്ന പൂത്തുനിൽക്കുന്ന കാഴ്ചയാണ്.

നേരം തെറ്റി കണിക്കൊന്ന പൂക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന മീനച്ചൂടിലാണ് സ്വർണ വർണം പൊഴിക്കുന്ന കർണികാരം കാണാൻ ഏറെ ഭംഗി. മരം നിറയെ വിരിഞ്ഞുനിന്നാടുന്ന കണിക്കൊന്ന കാണുമ്പോൾ മനസിലൊരു കുളിരാണ്. സാധാരണ കണി നിരത്തും നേരമാണ് കൊന്നപ്പൂവ് പറിച്ചെടുക്കുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് വന്നതോടെ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും നൽകിയ സ്നേഹ സമ്മാനം കൈക്കുടന്ന നിറയെ കൊന്നപ്പൂക്കളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ അമിത് ഷാ, രാഹുൽ ഗാന്ധി തുടങ്ങിയവർ റോഡ് ഷോ നടത്തിയപ്പോൾ മലയാളികൾ കണിക്കൊന്ന നൽകിയാണ് നേതാക്കളെ സ്വീകരിച്ചത്. നേരത്തെ റോഡരികിലും കാട്ടിലും മാത്രം കണ്ടിരുന്ന കൊന്ന മരം ഇന്ന് വീട്ടുതൊടിയിൽ വ്യാപകമായി വച്ചുപിടിപ്പിക്കുകയാണ്. കാഴ്ചാ സുഖം മാത്രമല്ല,​ കണിക്കൊന്ന എന്നും കാണുന്നത് നല്ലതാണെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ടത്രേ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ അകറ്റാനും രക്ത ശുദ്ധി വരുത്താനും കൊന്നപൂക്കൾ ഉത്തമമാണെന്ന് ആയുർവേദം പറയുന്നു . കണിക്കൊന്നയുടെ തളിരില, പൂവ്, കുരു, തോൽ എന്നിവകൊണ്ടുളള കഷായവും എണ്ണയും ചർമ രോഗങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ചുവരുന്നതും കൊന്നയോട് അടുപ്പംകൂടാൻ കാരണമായിട്ടുണ്ട്.