കോഴിക്കോട്: അപകടം തളർത്തിയ ശരീരവും തളരാത്ത മനസിന്റെ വെളിച്ചവുമായി ഇനി കോഴിക്കോട് ചേവായൂർ സ്വദേശി പ്രജിത് ജയപാലിന്റെ യാത്ര ലോകം കീഴടക്കാൻ. നാനൂറിലധികം ദിവസം നീളുന്ന യാത്രയിൽ ആറ് ഭൂഖണ്ഡങ്ങളിലായി 80 രാജ്യങ്ങൾ സന്ദർശിക്കാനാണ് ഒരുങ്ങുന്നത്.
10 വർഷം മുമ്പ് ഏപ്രിൽ ഒന്നിനുണ്ടായ വാഹനാപകടത്തിൽ കഴുത്തിന് താഴേക്ക് തളർന്നുപോയ പ്രജിത്ത് വീടിനകത്തളങ്ങളിൽ ചക്രക്കസേരയിൽ ഒതുങ്ങാൻ തയ്യാറായില്ല. പ്രധാനമന്ത്രിയ കാണാൻ ' ഡ്രൈവ് ടു ഡൽഹി " എന്ന പേരിൽ സ്വയം കാറോടിച്ചായിരുന്നു ആദ്യ യാത്ര. ഓരോ സംസ്ഥാനത്തെയും ഭിന്നശേഷിക്കാരുടെ സംഘടനാ ഭാരവാഹികളെ കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ആദ്യ യാത്രയുടെ ചുവടുപിടിച്ച് തന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് പുതിയ ലോകം തുറന്നു കൊടുക്കുകയെന്ന സ്വപ്നവുമായാണ് ലോക സഞ്ചാരത്തിന് തയ്യാറെടുക്കുന്നത് .
രത്തൻ ടാറ്റ സ്പോൺസർ ചെയ്യുന്ന ഹെക്സ കാർ രൂപമാറ്റം വരുത്തിയാണ് " ഡ്രൈവ് ഫോർ ഡിസേബിൾഡ് "എന്ന പേരിൽ യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് മുമ്പായി ഭിന്നശേഷിക്കാർക്കായി "മാർഗ " കരിയർ കൺസൾട്ടൻസി ഈ മാസം ആരംഭിക്കും. പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ രീതികൾ കണ്ടറിഞ്ഞ് ശാസ്ത്ര - സാങ്കേതിക വിദ്യകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന 'എബിലിറ്റി എക്സ്പോ' നടത്തുകയും യാത്രയുടെ ലക്ഷ്യമാണെന്ന് പ്രജിത് പറയുന്നു.