കോഴിക്കോട്: ചെറിയൊരു ഇടവേളയ്ക്കു ശേഷം ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടാൻ തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വ്യാപിക്കുകയാണ്. അയൽസംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് കർശനമാക്കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് കേരളത്തിലെയും മാറ്റം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേക്കും മാസ്‌കിന്റെ കാര്യം വരെ ആളുകൾ മറന്നിരുന്നു. വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനയുണ്ടാവുമെന്നാണ് സൂചന.
സ്ഥാനാർത്ഥികളുടെ പ്രചാരണയോഗങ്ങൾക്കും കൺവെൻഷനുകൾക്കും മറ്റും പ്രോട്ടോക്കോൾ ഒട്ടും ബാധകമായിരുന്നില്ല. ദേശീയ നേതാക്കൾ പങ്കെടുത്ത പൊതുറാലികൾക്ക് ജനം ഇരച്ചുകയറുകയായിരുന്നു. അവസാനദിവസങ്ങളിലെ റോഡ് ഷോകളിലും ആളുകൾ തിങ്ങിക്കൂടി. കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുമ്പോഴും ബാൻഡ് മേളത്തിനൊപ്പം ആടിത്തിമിർക്കുമ്പോഴും ശാരീരിക അകലം പോയിട്ട്, മുഖത്ത് മാസ്കിന് പോലും സ്ഥാനമുണ്ടായില്ല. വീടു കയറിയിറങ്ങുന്ന പ്രചാരണത്തിന് അഞ്ചു പേരിൽ കൂടാൻ പാടില്ലെന്ന നിബന്ധനയൊക്കെ എപ്പോഴേ കാറ്റിൽ പറന്നിരുന്നു. മുന്നണിഭേദമന്യേ ബഹുഭൂരിപക്ഷം പ്രവർത്തകർക്കും മാസ്ക് താടിയ്ക്ക് താഴെ തന്നെയായി.
മറ്റെല്ലാം മറന്ന് ബീച്ചുകളിലുൾപ്പെടെ സായാഹ്നം ആസ്വദിക്കാൻ എത്തിയവരും അവധികൾ ആഘോഷമാക്കാൻ ഷോപ്പിംഗിനിറങ്ങിയവരും വിനോദയാത്ര സംഘങ്ങളുമെല്ലാം കൊവിഡ് കേസുകൾ പെരുകാൻ ഇടയാക്കിയിട്ടുണ്ട്.
കൊവിഡ് വാക്സിൻ എടുത്തവരും എടുക്കാത്തവരും ഒരു പോലെ കരുതേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു. മാസ്കും സാനിറ്റെസറും കൈവിടരുത്. സാമൂഹിക അകലം പാലിക്കുകയും വേണം.
വിഷു പടിവാതിലിൽ എത്തിയിരിക്കെ, വിപണിയിൽ അതിന്റെ തിരക്ക് കൂടിയാവുമ്പോൾ സ്ഥിതി ഒന്നുകൂടി വഷളാകുമോ എന്ന ആശങ്കയുണ്ട് ആരോഗ്യ വകുപ്പുകാർക്ക്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നതും നീങ്ങുന്നതും തികഞ്ഞ ജാഗ്രതയോടെയായിരിക്കണമെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ട്.
കൊവിഡ് കഴിഞ്ഞ
ദിവസങ്ങളിൽ
ശനി - 385
ഞായർ - 568
തിങ്കൾ - 403
ചൊവ്വ - 360
ബുധൻ - 402
''ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാടെ മറന്ന ദിവസങ്ങളാണ് കടന്നുപോയത്. ആളുകൾ മാസ്‌കും സാനിറ്റെസറും വേണ്ടവിധം ഉപയോഗിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് ഇപ്പോൾ രോഗബാധിതരുടെ എണ്ണം കൂടാൻ കാരണം. പരമാവധി ജാഗ്രത വേണം. ആത്മനിയന്ത്രണം പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും അനുസരിക്കുക തന്നെ വേണ.
ഡോ.പീയൂഷ് നമ്പൂതിരിപ്പാട്,
ഡി.എം.ഒ