ayyans
വെസ്റ്റ് ഹിൽ അത്താണിക്കലിലെ പടക്കക്കടയിൽ സ്റ്റോക്ക് നിറഞ്ഞ നിലയിൽ

കോഴിക്കോട്: വിഷുവിന് ഇനി അഞ്ചു നാളുകൾ കൂടി മാത്രം ശേഷിക്കെ സന്തോഷപ്പൂത്തിരി കത്തുകയാണ് പടക്കവിപണിയിൽ. തിരഞ്ഞെടുപ്പ് പ്രചാരണവേള കുറേയൊക്കെ തുണച്ചതിന് പിന്നാലെ ഇനിയുള്ള ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

സ്ഥാനാർത്ഥികളുടെ പര്യടനത്തിന് പൊലിമയേറ്റാൻ പടക്കങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ മാർച്ച് ആദ്യവാരം തന്നെ വിപണി ഉണർന്നിരുന്നു. പ്രാദേശികതലത്തിലും ചെറുകിട കച്ചവ‌ടക്കാർക്ക് അത് അനുഗ്രഹമായി.

പുകയും മലിനീകരണവും താരതമ്യേനയില്ലാത്ത, പ്രകാശ - ശബ്ദ ഘോഷമുള്ള ഇനങ്ങൾക്കാണ് ഡിമാൻഡ് ഏറെയും. ആകാശത്ത് വർണങ്ങൾ വാരി വിതറുന്ന ഹെലികാം ഡ്രോൺ, കുട്ടികൾക്കായുളള പോപോപ്പ്, ഗോൾഡൻഡക്ക്, ആംഗ്രി ബേ‌ഡ്സ്, പോകോ, പികാച്ചിയോ, 7 ഷോട്ട് ഗോൾഡ്, ഫൺ സോൺഫാൻസി തുടങ്ങിയ ഫാൻസി പടക്കങ്ങളാണ് വിപണിയിലെ താരങ്ങൾ.

ഇത്തവണ എങ്ങും ശ്രദ്ധ പിടിച്ചുപറ്റിയത് 14 ഫാൻസി ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സാണ്. 500 മുതൽ 2000 രൂപ വരെയാണ് ഇവയുടെ നിരക്ക്. 10 രൂപ മുതൽ 8000 രൂപ വരെയുള്ള പടക്കങ്ങൾ ഇത്തവണ വിപണിയിലുണ്ട്.

ഗോൾഡൻ ഫീറ്റ്, 50 ഷോർട്ട്, 5 ഇഞ്ച് ഷെൽ എന്നിവയ്ക്ക് 100 മുതൽ 600 രൂപ വരെയാണ് വില.

ഏറെ നേരം ആകാശത്ത് വർണം വിതറുന്ന ഡാർക്ക് ഫാന്റസിയ്ക്ക് 1000 രൂപ മുതൽ 3000 രൂപ വരെയുണ്ട്. കൂടുതൽ സമയം കത്തുന്ന ഭീമൻ പൂക്കുറ്റിയായ മഹാരാജാസ്, പല നിറങ്ങളിൽ കത്തുന്ന ഹൈടെക് കാൻഡിൽ, ത്രീ കളർ ഫൗണ്ടേഷൻ, റൊമാന്റിക് വീൽ, ഗ്രീൻ ബീസ്, കളർ ചേഞ്ചിംഗ് ബട്ടർഫ്‌ളൈ, കോക്കനട്ട് ക്രാക്കർ, ഡ്രാഗൺ ബബിൾ, ക്രിസ്മസ് ട്രീ പോലെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന റെയിൻ ഷവർ, പച്ചയും ചുവപ്പും ചേർന്ന നിറങ്ങളിൽ കത്തിക്കയറുന്ന ഗ്രീൻ ബ്ലാസ്റ്റർ, റെഡ് സോന, ഹൈ സോന എന്നിങ്ങനെ തരാതരം ഇനങ്ങളുണ്ട് വിപണിയിൽ.

പരമ്പരാഗത പട്ടികയിൽ പെടുന്ന കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം തുടങ്ങിയവയിലും ഇത്തവണ പുതിയ പരീക്ഷങ്ങണൾ നിർമ്മാതാക്കൾ കൊണ്ടുവന്നിട്ടുണ്ട്. 10 രൂപ മുതൽ 250 രൂപ വരെയാണ് കമ്പിത്തിരിയുടെ വില. മത്താപ്പിന്റെ നിരക്ക് 20 രൂപയിലാണ് തുടങ്ങുന്നത്. 10 രൂപയുടെ പടക്കങ്ങൾ മുതൽ ആയിരം ഷോട്ടുകളടങ്ങിയ 14,000 രൂപയുടെ മൾട്ടി കളർ ഷോട്ട് വരെ വിപണിയിൽ നിരന്നു കഴിഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങൾ കടുക്കുമെന്ന സംശയത്തിൽ വിഷു അടുക്കുന്നതു വരെ കാക്കാതെ നേരത്തെ തന്നെ പലരും പടക്കങ്ങൾ വാങ്ങി സൂക്ഷിക്കുന്നുണ്ട്. നാടൻ പടക്കങ്ങളുടെ ദൗർലഭ്യം കാരണം ഇത്തവണ കമ്പനി പടക്കങ്ങൾക്ക് ഡിമാൻഡ് പ്രകടമായി കൂടിയിരിക്കുകയാണ്. ശിവകാശിയിൽ നിന്നാണ് 90 ശതമാനം പടക്കങ്ങളും എത്തുന്നത്. അവിടെ നിന്ന് സാമഗ്രികൾ ശേഖരിച്ച് ഇവിടെയുണ്ടാക്കി വിൽക്കുന്നവരും കുറവല്ല. എന്നാൽ, വിൽപ്പനയ്ക്കായി എത്തുന്നതിൽ നാടൻ പടക്കങ്ങൾ നന്നേ കുറവാണ്.

ചെറുകിട പടക്കക്കച്ചവടക്കാർക്ക് വ്യാപാരത്തിനുള്ള ലൈസൻസ് പുതുക്കിക്കിട്ടുന്നതിന് ഇത്തവണ ഏറെ കാലതാമസം നേരിട്ടിരുന്നു. എങ്കിലും പടക്കവിപണിയെ അതൊന്നും ബാധിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ വർഷം ലോക്ക് ഡൗണിൽ വില്പന തീർത്തും മുടങ്ങിയതോടെ കോടികളുടെ നഷ്ടമായിരുന്നു ഈ മേഖലയ്ക്ക്. ഇത്തവണ കച്ചവടം കുറേയെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് പൊതുവെ വ്യാപാരികൾ.

'' എത്തിച്ച പടക്കങ്ങൾ മുഴുവൻ വിറ്റുപോകുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ വർഷം വില്പന നടന്നില്ലെന്നു തന്നെ പറയാം. എല്ലാവർക്കും വലിയ നഷ്ടം നേരിടേണ്ടി വന്നു. ഇത്തവണ ആ ക്ഷീണം കുറേയൊക്കെ മറി കടക്കാനാവുമെന്നാണ് കരുതുന്നത്.

ശങ്കർ ദാസ്,

അയ്യൻസ് മാനേജിംഗ് പാർട്ട്ണർ