abdullakoya
അബ്ദുല്ലകോയ

കോഴിക്കോട്: വെറും രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള വത്തക്കവെള്ള വില്പനക്കാരനായ അബ്ദുല്ലക്കോയയെ കോഴിക്കോടുക്കാർക്കെല്ലാം സുപരിചിതനാണ്. ക്രൗൺ തിയേറ്ററിലും ടൗൺ ഹാളിലും എത്തുന്നവർക്ക് നല്ല നാടൻ ബത്തക്ക വെള്ളം ഉണ്ടാക്കി കൊടുക്കുന്ന അബ്ദുല്ല എല്ലാവരുടെയും അബ്ദുല്ലക്കോയക്കയാണ്. എന്നാൽ പണ്ട് പായ്ക്കപ്പലിന്റെ കപ്പിത്താൻ ആയിരുന്നു അബ്ദുല്ലയെ അന്വേഷിച്ചാൽ അത്ര പെട്ടെന്ന് ഒന്നും ആളെ കിട്ടിയെന്ന് വരില്ല. കപ്പിത്താനിൽ നിന്ന് വത്തക്കവെള്ളം വില്പനക്കാരനിലേക്കുള്ള ജീവിതയാത്ര സിനിമയെ വെല്ലുന്ന ട്വീസ്റ്റുകൾ നിറഞ്ഞതാണ്. നാലാം വയസിൽ പിതാവിനൊപ്പം നാടുവിട്ട് അബ്ദുല്ലക്കോയ പല രാജ്യങ്ങൾ സന്ദർശിച്ച് പല ജോലികളും സ്വായത്തമാക്കി.

ഒടുവിൽ പായ്കപ്പലിൽ തൊഴിലാളിയായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ കപ്പലിന്റെ കപ്പിത്താനായി. ഇതിനിടയിൽ അബ്ദുല്ലക്കോയ കണ്ടിട്ടില്ലാത്ത രാജ്യങ്ങൾ വളരെ ചുരുക്കമാണ്. പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് കര കാണാൻ സാധിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് കടലിനോട് എന്നും വല്ലാത്തൊരു പ്രണയമാണെന്ന് അദ്ദേഹം പറയുന്നത്. പായ്കപ്പൽ യാത്ര തനിക്ക്‌ മറക്കാൻ കഴിയാത്ത ഒട്ടനവധി ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വിഷമകരമായി തോന്നിയത് ദിശ തെറ്റി പായ്കപ്പൽ പാകിസ്ഥാൻ തീരത്ത് എത്തിയതാണ്. 13 ദിവസത്തെ നരകജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അബ്ദുല്ലകോയ എല്ലാം മറന്ന് പിന്നെ കഥയിലാണ്.

പിന്നീട് പായ്കപ്പലിലെ ജീവിതം മതിയാക്കി 1960 ൽ നാട്ടിൽ തിരിച്ചെത്തി. പല ജോലികളും ചെയ്ത ശേഷം 13 വർഷത്തോളം ഗൾഫിലായിരുന്നു. രണ്ടാം ക്ലാസ് വരെ താൻ പഠിച്ചിട്ടുള്ളുവെങ്കിലും തന്റെ ജീവിതമാണ് തനിക്ക്‌ ലഭിച്ച ഏറ്റവും നല്ല പാഠപുസ്തകം

ഗൾഫിൽ നിന്നും തിരിച്ചെത്തിയ അബ്ദുല്ലക്കോയ പിന്നീട്‌ കോഴിക്കോട് ക്രൗൺ തീയറ്റേറിന്റെ മുമ്പിൽ വത്തക്കവെള്ളം വിൽക്കാൻ തുടങ്ങിയത്. തന്റെ ജീവിത ശൈലിയും അദ്ധ്വാനവുമാണ് തന്നെ 86ാം വയസിലും ആരോഗ്യവാനാക്കി നിലനിറുത്തന്നതെന്നാണ് അബ്ദുല്ലക്കോയയുടെ നിഗമനം.

ജീവിതത്തിൽ ഇനി ഒരു ആഗ്രഹവും ബാക്കിയില്ല. അസുഖങ്ങൾ ഒന്നും ഇല്ലാതെ ഇങ്ങനെ തന്നെ മുന്നോട്ടു ജീവിക്കാനാണ് തനിക്ക് ഇഷ്ടം അബ്ദുല്ലക്കോയ പറഞ്ഞു.