sasi

കുറ്റ്യാടി: കൊവിഡ് കാലത്ത് അലങ്കാര മത്സ്യങ്ങളെ വളർത്തി വീട്ടിലെ ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ചാത്തങ്കോട്ട് നട എ.ജെ.ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളി
ലെ ആറാം ക്ലാസുകാരനായ ആദി ശശി എന്ന മിടുക്കൻ. കാവിലുംപാറ പഞ്ചായത്തിലെ കുടലിലെ തന്റെ വീടിന്റെ മുൻവശത്തെ ചുമരിനോട് ചേർന്നാണ് മത്സ്യം വളർത്താനുള്ള കുളങ്ങൾ ഒരുക്കിയിരിക്കുന്നത്.
രണ്ട് കുളങ്ങളിലായി ആയിരക്കണക്കിന് ചെറു മത്സ്യകുഞ്ഞുങ്ങളാണ് നീന്തി തുടിക്കുന്നത്. ഗപ്പി മത്സ്യങ്ങൾ ഉൾപ്പെടെയുള്ള അലങ്കാര മത്സ്യങ്ങൾ വാങ്ങാൻ വേണ്ടി ധാരാളം ആളുകൾ എത്തുന്നുമുണ്ട്. തന്റെ സമപ്രായക്കാരായ വിദ്യാർത്ഥികൾ തന്നെയാണ് ആദിയുടെ ഉപഭോക്താക്കളിൽ അധികവും.
ആവശ്യക്കാർക്ക് ചെറിയ സംഖ്യയ്ക്ക് പോളിതീൻ കവറുകളിലാക്കി മത്സ്യങ്ങളെ നൽകും.

പഠനത്തിന് ശേഷം ഒഴിവുസമയത്ത് മാനസിക ഉല്ലാസത്തിനായി കൗതുകമായെന്തെങ്കിലും
ചെയ്യണമെന്ന ചിന്തയാണ് ആദിയെ അലങ്കാര മത്സ്യകൃഷിയിലേക്ക് ആകർഷിച്ചത്. കുളത്തിന്റെ പരിപാലനത്തിന് അച്ഛനും അമ്മയും ആദിയുടെ സഹായത്തിനായി ഒപ്പം തന്നെ ഉണ്ട്. പഠനത്തിലും കലാ-കായിക രംഗത്തും ആദി മുന്നിലാണ്. പതിനഞ്ച് വർഷത്തോളമായി വിദേശത്ത് ഓയിൽ ഫീൽഡിൽ ജോലി ചെയ്തുവരുന്ന ആദിയുടെ അച്ഛൻ കല്ലുംപുറത്ത് (വട്ടപൊയിൽ) ശശി നല്ലൊരു കർഷകനുമാണ്. വീടിനടുത്തുള്ള ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ആദിയും ഇറങ്ങി സഹായിക്കാറുണ്ട്.
അമ്മ ജിഷയുടെ ഉപദേശവും അദ്ധ്യാപകരുടെ മാർഗനിർദ്ദേശവും സ്വീകരിച്ച് ഈ ലോകത്തിനു വേണ്ടി നമുക്കും ചെയ്യാൻ പലതുമുണ്ടെന്ന് തെളിയിച്ച് മാതൃകയാവുകയാണ് ഈ പതിനൊന്നുകാരൻ.