1

കോഴിക്കോട്: ഇക്കാലത്തിനിടയ്ക്ക് മാറ്റങ്ങൾ പലതും വന്നുകാണും. പക്ഷേ, രുചിയുടെ കാര്യത്തിൽ മാത്രം വിട്ടുവീഴ്ചയില്ല. ഒൻപത് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ പഴയ പാരമ്പര്യം കൈവിടാതെ കാക്കുകയാണ് കുറ്റിച്ചിറയിലെ എടേലെ ഹോട്ടൽ.

കോഴിക്കോടിന്റെ തനത് രുചിയ്ക്ക് കേൾവി കേട്ടതാണ് ഈ നാടൻ ഭക്ഷണശാല, കഴിക്കുന്നവരുടെ വയറും ഒപ്പം മനസ്സും നിറയ്ക്കുകയെന്ന സ്ഥാപകന്റെ അടിസ്ഥാനപ്രമാണം മൂന്നാംതലമുറക്കാരും മുറുകെപ്പിടിക്കുകയാണ്. പഴമക്കാർക്കെന്ന പോലെ നഗരത്തിലെ പുതുമുറക്കാർക്കും ഇവിടം പ്രിയങ്കരമാവാനുള്ള കാരണവും മറ്റൊന്നല്ല.

ആഹാരപ്രിയനെന്ന പോലെ വലിയ സൽക്കാരപ്രിയൻ കൂടിയായ യാഹൂട്ടിയാണ് 1930-ൽ ഹോട്ടലിന് തുടക്കമിട്ടത്. 'അൻവാരിയ" എന്ന പേരും ചാർത്തി ചെറിയ ബോർഡും വെച്ചതാണ്. പക്ഷേ, കുറ്റിച്ചിറക്കാർക്ക് ഇത് 'എടേലെ" ഹോട്ടലായി മാറി. ഇടവഴിയിലായുള്ള സ്ഥാനം ചൊല്ലിയായിരുന്നു ആ വിളിപ്പേര്. രുചിപ്പെരുമ പടർന്നതോടെ വൈകാതെ കുറ്റിച്ചിറയിൽ മാത്രമല്ല, നഗരത്തിലും പരിസരത്തുമുള്ളവർക്കൊക്കെ ഇത് ഒഴിവാക്കാൻ പറ്റാത്ത ഇടമായി. കേട്ടറിഞ്ഞ്

ദൂരദിക്കുകളിൽ നിന്നു പോലും ആളുകളെത്തുന്ന പതിവിന് ഇന്നും മാറ്റമില്ല.

തുടക്കക്കാലത്ത് നാലണയായിരുന്നു ഊണിന്. ചുരുങ്ങിയ നിരക്കിൽ കോഴിക്കോടൻ തനതു പലഹാരങ്ങളുമുണ്ടായിരുന്നു.

പുതിയ കാലത്തിലേക്ക് കടന്നതോടെ ബീഫ് ഇനങ്ങൾക്കടക്കം പരിഷ്‌കാരം വന്നു. ഇവിടത്തെ ബീഫ് ചില്ലി - പൊറോട്ട കോമ്പിനേഷനുൾപ്പെടെയുള്ള വിഭവങ്ങൾക്ക് വൻഡിമാൻഡാണ്. മസാല ബോണ്ട മുതൽ പഴംപൊരി വരെയുള്ള പലഹാരങ്ങൾക്കുമുണ്ട് സവിശേഷസ്വാദ്.

മായം കലരാനിടയാക്കാതെ, സ്വന്തമായി പൊടിച്ചും അരച്ചുമെടുക്കുന്ന മസാലക്കൂട്ടുകൾ തന്നെയാണ് മാറ്റം വരാത്ത രുചിയ്ക്ക് പിറകിലെ രഹസ്യമെന്ന് ഇപ്പോഴത്തെ നടത്തിപ്പുകാരൻ കുഞ്ഞലവിക്ക പറയുന്നു. ഓട്ടോ പിടിച്ചും മറ്റും ഭക്ഷണപ്രിയർ ഇവിടേക്ക് എത്താറുണ്ട്. അവരെല്ലാം മനസ്സും നിറഞ്ഞാണ് മടങ്ങുന്നതെന്നറിയുമ്പോഴുള്ള സംതൃപ്തിയുണ്ടല്ലോ, അത് കുറച്ചൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.