exam
വെള്ളക്കുപ്പി മാത്രമല്ല, സാനിറ്റൈസറും... കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനി ചോദ്യപേപ്പറിനായി കാത്തിരിക്കെ, പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷ തേടി തണുത്ത വെള്ളം കുടിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറുമുണ്ട് അടുത്തുതന്നെ. രോഹിത്ത് തയ്യിൽ

 ജില്ലയിൽ എസ്.എസ്.എൽ.സി എഴുതുന്നവർ 44,740

 റഗുലർ വിദ്യാർത്ഥികൾ 44,542, പ്രൈവറ്റ് 198

 പ്ളസ് ടു എഴുതുന്നവർ 46,484

കോഴിക്കോട്: മാസങ്ങൾ നീണ്ട ഓൺ ലൈൻ പഠനം പിന്നിട്ട് പരീക്ഷയെത്തുമ്പോഴേക്കും കൊവിഡ് ഭീഷണി ഒന്നൊതുങ്ങിക്കിട്ടുമെന്ന് കരുതിയത് അസ്ഥാനത്തായി. വൈറസിന്റെ രണ്ടാം തരംഗം പിടിമുറുക്കിയിരിക്കെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും പരീക്ഷണ നാളുകളിലായിരിക്കുകയാണ്.

കൂട്ടുകാരെ വീണ്ടും അടുത്തു കിട്ടിയതിന്റെ സന്തോഷം കുട്ടികൾക്ക് കുറച്ചൊന്നുമായിരുന്നില്ല. പക്ഷേ, കൂട്ടം കൂടി മിണ്ടാനോ, പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പറിന്മേലുള്ള വട്ടം കൂടിയുള്ള ചർച്ചയ്ക്കോ സ്‌കോപ്പ് കുറഞ്ഞതിന്റെ സങ്കടത്തിലായിരുന്നു ഒട്ടുമിക്കവരും.

കൊവിഡ് വ്യാപനത്തിന്റെ തോത് വീണ്ടും കൂടുന്ന പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ. ഹാൻഡ് വാഷ്, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവയൊക്കെ എല്ലായിടത്തും ക്രമീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതർക്കെന്ന പോലെ നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കിയിരിക്കുകയാണ്. ഇവർക്കായുള്ള ചോദ്യപേപ്പറും ഉത്തരക്കടലാസും നേരത്തെ പ്രത്യേകം ക്രമീകരിക്കുന്നുമുണ്ട്.

ക്ലാസ് മുറികളിൽ സാമൂഹിക അകലം ഉറപ്പാക്കുന്നുണ്ട് കുട്ടികൾക്ക്. പരീക്ഷയ്ക്കു മുമ്പുള്ള കൂൾ ഒഫ് ടൈം 15 മിനുട്ടിനു പകരം 20 മിനുട്ടായി ഉയർത്തി. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് പ്രത്യേക കവറുകളിലാക്കിയാണ് വിദ്യാർത്ഥികൾ നൽകിയത്.

രാവിലെ 9. 40 മുതൽ 11. 30 വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ്. ഉച്ചയ്ക്കു ശേഷം1. 40 മുതൽ 3. 30 വരെ എസ്.എസ്.എൽ.സി പരീക്ഷയും. വി.എച്ച്.എസ്.ഇ പരീക്ഷ ഇന്ന് ആരംഭിക്കും.

എസ്.എസ്.എൽ.സി ക്ക് മലയാളമായിരുന്നു ആദ്യവിഷയം. പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26നും എസ്.എസ്.എൽ.സി പരീക്ഷ 29 നുമാണ് അവസാനിക്കുക.