ഞായറാഴ്ച മെഗാ വാക്‌സിനേഷൻ ക്യാമ്പ്
കോഴിക്കോട് : കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാൻ കടുത്ത നടപടികളുമായി കോർപ്പറേഷൻ. കൊവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവ കാര്യക്ഷമമാക്കാനും കൊവിഡ് പ്രോട്ടോക്കോൾ കർശനമായ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവിഭാഗം എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കാനും തീരുമാനിച്ചതായി കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോർപ്പറേഷൻ പരിധിയിലെ 45 വയസിന് മുകളിൽ പ്രായമായവർക്ക് വാക്‌സിനേഷൻ നടത്തുന്നതിനായി ഞായറാഴ്ച 'കവചം 2021 സമ്പൂർണ വാക്‌സിനേഷൻ യജ്ഞം' എന്ന പേരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.
മൂന്ന് വാർഡുകൾക്ക് ഒരു ക്യാമ്പ് എന്ന രീതിയിൽ നഗരസഭാ പരിധിയിൽ ഒരേ സമയം 25 ക്യാമ്പുകൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് മേയർ പറഞ്ഞു. നഗരസഭ പരിധിയിൽ ഇതുവരെ 33, 842 പേർ രോഗബാധിതരായി. 234 പേരാണ് മരിച്ചത്.
കച്ചവട സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
നിയന്ത്രണം ലംഘിച്ചാൽ പിഴ ചുമത്തും. തുടർച്ചയായ ചട്ട ലംഘനം കണ്ടാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും.
വാർത്താ സമ്മേളനത്തിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്.ജയശ്രീ, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി.കെ നാസർ, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി എന്നിവർ പങ്കെടുത്തു.
വാക്സിനേഷൻ കേന്ദ്രങ്ങൾ
സേതു സീതാറാം എ.എൽ.പി സ്കൂൾ ചെട്ടികുളം, കാരന്നൂർ എ.എൽ.പി സ്കൂൾ എരഞ്ഞിക്കൽ, ഗവ. എൽ.പിസ്കൂൾ പുതിയങ്ങാടി, സമുദ്ര ഓഡിറ്രോറിയം തോപ്പയിൽ, ഗവ.എച്ച്.എസ്.എസ് കാരപ്പറമ്പ്, വെജിറ്റബിൾ മാർക്കറ്റ് തടമ്പാട്ടുതാഴം, ഗവ. ഫിഷറീസ് സ്കൂൾ വെള്ളയിൽ, ഇഖ്റ സ്കൂൾ മലാപ്പറമ്പ്, ജെ.ഡി.ടി ഓഡിറ്റോറിയം വെള്ളിമാടുകുന്ന്, ഗവ.എൽ.പി.എസ് ചേവായൂർ, ദേവഗിരി സേവിയോ സ്കൂൾ മെഡിക്കൽ കോളേജ്, എ.യു.പി. സ്കൂൾ ചേവായൂർ, എസ്.കെ ഹാൾ പുതിയറ, അയ്യത്താൻ സ്കൂൾ, പ്രെസ്റ്റീജ് സ്കൂൾ മാങ്കാവ്, സീഷോർ ഓഡിറ്റോറിയം കുറ്റിച്ചിറ, ഗവ. എച്ച്.എസ്,എസ് പയ്യാനക്കൽ, ഗവ.എച്ച്.എസ്.എസ് ആഴ്ചവട്ടം, ഗവ.എൽ.പി. എസ് കണ്ണഞ്ചേരി, ആർ.ആർ. ഓഡിറ്റോറിയം അരീക്കാട്, കമ്മ്യൂണിറ്റി ഹാൾ ചെറുവണ്ണൂർ, ഫാമിലി ഹെൽത്ത് സെന്റർ ബേപ്പൂർ, ഗവ. എൽ.പി.എസ് നടുവട്ടം, സെന്റ് വിൻസെന്റ് സ്കൂൾ എരഞ്ഞിപ്പാലം.
വാക്സിനേഷൻ ലഭിക്കുന്ന
ആരോഗ്യകേന്ദ്രങ്ങൾ
സി.എച്ച്.സി ചെറുവണ്ണൂർ, പി.എച്ച്.സി നല്ലളം, എഫ്.എച്ച്. സി. ബേപ്പൂർ. പി.എച്ച്.സി പുതിയാപ്പ, യു.പി.എച്ച്.സി പയ്യാനക്കൽ, യു.പി.എച്ച്.സി ചെലവൂർ, യു.പി.എച്ച്.സി കുണ്ടുപ്പറമ്പ്, യു.പി.എച്ച്.സി കിണാശേരി, യു.എച്ച്.സി ഇടിയങ്ങര, യു.എച്ച്.സി മാങ്കാവ്.
പിഴ ചുമത്തി കൊവിഡ് പരിശോധന
കൊവിഡ് വ്യാപനം തടയാൻ നഗരത്തിൽ കോർപ്പറേഷൻ പരിശോധന ശക്തമാക്കി. ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 119 പേരെ പിടികൂടി. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 59,700 രൂപ പിഴ ഈടാക്കി. 244 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ പ്രോട്ടോക്കോൾ ലംഘിച്ചതിന് 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കച്ചവട സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തും.
പ്രതിരോധവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട്: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു. പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കും. വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് അനുമതിക്കായി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ഥാപനങ്ങളിൽ സന്ദർശക രജിസ്റ്റർ നിർബന്ധമാക്കും. വാഹനങ്ങളിൽ സീറ്റുകൾക്കനുസരിച്ച് യാത്രക്കാരെ ക്രമീകരിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് 303 സെക്ടർ മജിസ്ട്രേറ്റുമാരെ നിയമിച്ചു. പൊലീസും ഹെൽത്ത് വിഭാഗവും ഇവരുടെ പ്രവർത്തിക്കും. വാർഡ് ആർ.ആർ.ടികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. പരിശോധനയ്ക്കായി പൊലീസ് പട്രോൾ ടീം സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കും. ലക്ഷണമുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ, സ്ട്രീറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നർ, ഓട്ടോ/ടാക്സി ഡ്രൈവർമാർ, ഹോട്ടൽ തൊഴിലാളികൾ, അദ്ധ്യാപകർ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവർ തുടങ്ങിയവർ കൊവിഡ് പരിശോധന നടത്തണം. രോഗിയുമായി സമ്പർക്കത്തിലായവർ ക്വാറന്റൈൻ പാലിക്കണം. ജില്ലാ, തദ്ദേശ സ്ഥാപനങ്ങളിലെ കൺട്രോൾ റൂമുകൾ കേന്ദ്രീകരിച്ച് സമ്പർക്കമുളളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എൻ. റംല, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. എം.പീയൂഷ്., ആർ.സി.എച്ച് ഓഫീസർ ഡോ. മോഹൻദാസ്, നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം നവീൻ എൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അരുൺ ടി.ജെ തുടങ്ങിയവർ പങ്കെടുത്തു.