1

മുക്കം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും പ്രതീക്ഷയും ആശ്രയവുമായ കേരളത്തിലെ 350ൽ പരം സ്പെഷ്യൽ സ്കൂളുകൾ ഇന്നും ദുരിതക്കയത്തിൽ തന്നെ. 2004 വരെ സാമൂഹ്യ നീതി വകുപ്പിനു കീഴിലായിരുന്ന സ്പെഷ്യൽ സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിലേയ്ക്ക് മാറ്റിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു എല്ലാവരും. 10 കോടി രൂപ വീതം അനുവദിച്ചു കൊണ്ടിരുന്നത് വർദ്ധിപ്പിക്കുന്നതിനും സ്ഥാപനങ്ങൾക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതിനും 2008 മുതൽ പലവിധ സമരങ്ങളും സമ്മർദ്ദങ്ങളുമായി കുട്ടികളുടെ രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റുകളും ജീവനക്കാരും കൂട്ടായും വെവ്വേറെയും പല പരിശ്രമങ്ങളും നടത്തി. പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു.

യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് 2015ൽ എയ്ഡഡ് പദവി പ്രഖ്യാപിച്ചെങ്കിലും 2016ൽ അധികാരമേറ്റ എൽ.ഡി.എഫ് സർക്കാർ അതു നടപ്പിലാക്കിയില്ല. തുടർന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനകളുടെ കീഴിൽ ജീവനക്കാർ നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2019ൽ സ്പെഷ്യൽ സ്കൂളുകൾ ശാക്തീകരിക്കുവാൻ 25 കോടി രൂപ അനുവദിച്ചപ്പോൾ വീണ്ടും ആശ്വസം. എന്നാൽ അതിൽ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും ദോഷമുണ്ടാക്കുന്ന ചില വ്യവസ്ഥകൾ കടന്നുകൂടി. അതു സംബന്ധിച്ച് രേഖാമൂലം നൽകിയ പരാതികളെല്ലാം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. ഇപ്പോൾ 40 കോടി രൂപ അനുവദിച്ചപ്പോഴും പഴയ അനുഭവം തന്നെ. സ്ഥാപനങ്ങളെ ഗ്രേഡ് തിരിച്ചതിലാണ് വലിയ ക്രമക്കേട് നടന്നതായി സംഘടനകൾ ആരോപിക്കുന്നത്. 2019ൽ പ്രത്യേക പാക്കേജിനായി സർക്കാർ ഉത്തരവ് ഉണ്ടായിരിക്കെ 2021ൽ ഒരു അസാധാരണ ഉത്തരവ് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാക്കിയത് സർക്കാർ നയങ്ങൾക്കും ഉദ്ദേശ്യത്തിനും വിരുദ്ധമാന്നെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഈ മാർഗ്ഗരേഖ പുന:പരിശോധിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും പ്രക്ഷോഭമാരംഭിക്കാനും തയ്യാറെടുക്കുകയാണ് സംഘടനകൾ.