
കോഴിക്കോട്: ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയെ സി.പി .എം പ്രവർത്തകർ ബൂത്തിൽ തടഞ്ഞ സംഭവത്തിന് ശേഷം ഉണ്ണികുളത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രവർത്തകർ അഴിച്ചുവിടുന്ന അക്രമങ്ങൾക്ക് പൊലീസ് കൂട്ടു നിൽക്കുന്നുവെന്ന് എം.കെ. രാഘവൻ എം.പി.
തുടർച്ചയായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ അകാരണമായി സി.പി.എം നടത്തിയ അക്രമത്തിൽ പരിക്ക് പറ്റി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇ.ടി.ബിനോയ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ്, ടി.പി അസീസ്, ഭഗീഷ് ലാൽ, ഷൈജു കരുമല, പത്മനാഭൻ, പ്രമോദ്, സിജേഷ്, അസറു ഉൾപ്പെടെ നിരവധി യു.ഡി.എഫ് പ്രവർത്തകർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ലഭിച്ച വലിയ സ്വീകാര്യതയും സി.പി.എം തോൽക്കുമെന്ന ഭയവുമാണ് സി.പി.എമ്മിനെ അക്രമ പരമ്പരയിലേക്ക് നയിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നു. അക്രമ സംഭവങ്ങളിൽ പൊലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. ക്രമസമാധാനം പുന:സ്ഥാപിക്കേണ്ട പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നത് സി.പി.എമ്മിന് പ്രോത്സാഹനമാകുന്നു.
യു.ഡി.എഫ് പ്രവർത്തകരെ അക്രമിച്ചതും നിരവധി വാഹനങ്ങൾ തകർത്തതിലുമുൾപ്പെട്ട ക്രിമിനൽ സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.