കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ പരിശോധനയ്‌ക്ക് പത്തംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അനസ്‌തേഷ്യ, മെഡിസിൻ വിഭാഗം മേധാവികളായ ഡോ. മുബാറക്, ഡോ. ജയേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് ചികിത്സ. മുഖ്യമന്ത്രിക്ക് 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ മകൾ വീണയും മരുമകൻ അഡ്വ. പി.എ. മുഹമ്മദ് റിയാസും ഇവിടെ കൊവിഡ് ചികിത്സയിലാണ്.
മുഖ്യമന്ത്രിയെ പിണറായിയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി എട്ടിനാണ് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെത്തിച്ചത്. ഭാര്യ കമലയും കൊച്ചുമകൻ ഇഷാനും ഒപ്പമുണ്ടായിരുന്നു. ഭാര്യയ്ക്ക് കൊവിഡ് നെഗറ്റീവാണ്. ഇഷാന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.
പേ വാർഡ് കോംപ്ലക്സിൽ ഒന്നാം നിലയിലെ മുറിയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ അറിയിച്ചു.
ഭരണകാര്യങ്ങൾ ഏകോപിപ്പിക്കാൻ മുറിയിൽ വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജിന്റെ നേതൃത്വത്തിൽ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം വരും. അല്ലെങ്കിൽ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റും.