നാദാപുരം: പാനൂർ പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ തുടർച്ചയായി കോഴിക്കോട് ജില്ല അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂരിൽ നിരവധി കടകൾക്ക് നേരെ ബുധാനാഴ്ച അക്രമമുണ്ടായ പശ്ചാത്തലത്തിൽ നാദാപുരത്തും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശമായ പാനൂർ പുല്ലൂക്കരയിലാണ് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ എത്തിയ സമയത്തായിരുന്നു കടകൾക്ക് നേരെയും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു നേരെയും ആക്രമം ഉണ്ടായത്. ഇതിന്റെ തുടർച്ചയായി കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന ഇരിങ്ങണ്ണൂരിലും ഇന്നലെ പുലർച്ചെ ഒരു യു.ഡി.എഫ് പ്രവർത്തകന്റെ കടയ്ക്ക് നേരേയും തീവെപ്പുണ്ടായി. കടയുടെ മുൻഭാഗം പെട്രോൾ ഉപയോഗിച്ചു കത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗനം. അയൽ ജില്ലയിലെ അക്രമം നാദാപുരം ഭാഗത്തേക്ക് പടരാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. രാത്രി കാല പട്രോളിംഗ്‌ ഊർജിതമാക്കി. ടൗണുകളിൽ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കിയിട്ടുണ്ട്.