mahe

മാഹി: പുതുച്ചേരി സംസ്ഥാനത്ത് ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇനി മുതൽ പഴയതുപോലെ എം.ആർ.പി. വിലയിൽ തന്നെ മദ്യ ഉൽപ്പന്നങ്ങൾ മാഹിയിൽ വിപണനം നടത്തും. മദ്യത്തിനുള്ള കൊവിഡ് ടാക്സ് പുതുച്ചേരി സർക്കാർ പൂർണ്ണമായി എടുത്ത് കളഞ്ഞിരിക്കുന്നതാണ് മയ്യഴിയിലെ മദ്യവില്പനശാലകൾക്ക് വീണ്ടും ഉണർവേകിയത്.

കേരളത്തെ അപേക്ഷിച്ച് മാഹിയിൽ മദ്യത്തിന് ഗണ്യമായ വിലക്കുറവുള്ളതിനാൽ കൂടുതൽ പേർ മദ്യം തേടി മാഹിയിലെത്തും. വില വ്യത്യാസം ഇല്ലാതായതോടെ മാഹിയിൽ നിന്ന് മദ്യപർ വിടപറഞ്ഞിരുന്നു. മിക്ക ബ്രാന്റുകൾക്കും, കേരളത്തിനേക്കാൾ പകുതിയിൽ കുറഞ്ഞ വില മാത്രമേ ഇനി മാഹിയിലുണ്ടാവൂ.
എം.എച്ച്.ബ്രാണ്ടിക്ക് മാഹിയിൽ 400 രൂപ വിലയുള്ളപ്പോൾ കേരളത്തിൽ 970 രൂപ നൽകണം. മറ്റുചില ബ്രാന്റുകളുടെ മാഹിയിലെ വിലയും ബ്രാക്കറ്രിൽ കേരളത്തിലെ വിലയും: കൈറോൺ ബ്രാണ്ടി 720 (1260),​ സ്പ്രിൻ ഓഫ് വോഡ്ക 780 (1350),​ മാഗ്ഡവൽ ബ്രാണ്ടി 320 (420),​ പക്കാർഡിവൈറ്റ് റം 775 (1470),​ സീസർ ബ്രാണ്ടി 410 (1200),​ ഫ്രേഡോ ബ്രാണ്ടി 400 (1250),​ ടോപ്പ് ടെക്കർ ബ്രാണ്ടി 200 (420),​ ഓഫീസേർസ് ചോയിസ് 320 (710),​ ഒ.എം.ആർ. 330 (910),​ ബ്ലാക്ക് ആൻഡ് ഗോൾഡ് 430 (1130).

ഗുണം സർക്കാർ ഖജനാവിൽ
സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ മാഹിയിൽ 68 മൊത്ത-ചില്ലറ മദ്യ വില്പനശാലകളാണുള്ളത്. മാഹിയിൽ നിന്നുള്ള പ്രധാന സർക്കാർ വരുമാനവും മദ്യത്തിൽ നിന്നുള്ളതാണ്. കഴിഞ്ഞ ഒരു വർഷമായി മയ്യഴിയിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. പുതുച്ചേരി സംസ്ഥാനം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. പ്രതിവർഷം മാഹിയിൽ നിന്ന് മാത്രം മദ്യമേഖലയിൽ നിന്ന് പുതുച്ചേരിയിലെ ഖജനാവിലേക്ക് ലഭിച്ചിരുന്ന 90 കോടിയോളം രൂപ കൊവിഡ് വർഷത്തിൽ 22 ശതമാനത്തിലേക്ക് കൂപ്പുകുത്തി.