s

കോഴിക്കോട്: കാലിക്കറ്റ് എയർപോർട്ടിലെ ഓപ്പറേഷൻസ് അസി. ജനറൽ മാനേജരും സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരിയുമായ സെലിൻ വി.പീറ്റർ (55) വാഹനാപകടത്തിൽ മരിച്ചു.

വ്യാഴാഴ്ച രാത്രി ഏഴു മണി കഴിഞ്ഞ് രാമനാട്ടുകര - തൊണ്ടയാട് ബൈപ്പാസ് റോഡിൽ കൂടത്തുംപാറയിൽ വച്ചായിരുന്നു അപകടം. സെലിൻ ഓടിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ തമിഴ്നാട് രജിസ്‌ട്രേഷനുള്ള ലോറി ഇടിക്കുകയാണുണ്ടായത്.

തൊണ്ടയാട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ മൂന്നു ദിവസം മുമ്പ് പ്രസവിച്ച മകളുടെ അടുത്തുനിന്ന് രാമനാട്ടുകരയിലെ വീട്ടിൽ വന്നശേഷം വീണ്ടും ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിൽ സെലിൻ മാത്രമെ ഉണ്ടായിരുന്നുള്ളു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ നാട്ടുകാർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ നാലു മണിയോടെ അന്ത്യം സംഭവിച്ചു.

കാലിക്കറ്റ് എയർപോർട്ട് എയർ ട്രാഫിക് കൺ‌ട്രോൾ ജോയിന്റ് ജനറൽ മാനേജർ ഒ.വി മാക്‌സിസ് ആണ് ഭർത്താവ്.

മകൾ: ഡോ. അനീഷ്യ സെലസ്. മരുമകൻ: അരുൺ അലോഷ്യസ്.