covi

കോഴിക്കോട് : കൊവിഡ് വ്യാപനം വല്ലാതെ കൂടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 60 നു മുകളിലുള്ള മുഴുവൻ പേരും വാക്‌സിൻ എടുത്തുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി പ്രത്യേക കാമ്പയിൻ നടത്തും. ഓരോ പഞ്ചായത്തിലും നൂറ് ശതമാനം വാക്‌സിനേഷൻ ഉറപ്പാക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എച്ച്.സി മുതൽ മെഡിക്കൽ കോളേജുകളിൽ വരെയുള്ള അരോഗ്യപ്രവർത്തകരുടെ കഠിനപ്രയത്‌നത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മരണനിരക്കും പോസിറ്റിവിറ്റി നിരക്കും കുറയ്ക്കാൻ സാധിച്ചത്. വീണ്ടും ആശങ്കയുയർത്തുന്ന തലത്തിലേക്ക് അത് കൂടാതെ നോക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കർശനനിർദ്ദേശമുണ്ടായിട്ടും രോഗവ്യാപനത്തിനുള്ള സാഹചര്യമുണ്ടായി. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോരുത്തരം ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്.

നിസ്സാര രോഗലക്ഷണങ്ങളുള്ളവരാണ് ഇപ്പോൾ വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ സൗകര്യങ്ങളില്ലാത്തെവരെ സി.എഫ്.എൽ.ടി.സി കളിലേക്ക് മാറ്റും.