1

പേരാമ്പ്ര: കോടേരിച്ചാൽ വീട്ടിയുള്ള പറമ്പിൽ ബിജുവിന് സ്‌നേഹ സമ്മാനമായി വീടൊരുക്കി നാട്ടുകാർ. അഞ്ചു വർഷം മുമ്പ് കിണറു പണിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായതാണ് ബിജു. ബിജുവും ഭാര്യ ബിന്ദുവും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ഒരു ഓല ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം അപകടത്തോടെ നിലച്ചതോടെ കുടുംബം ദുരിതത്തിലായി. പ്രവാസിയായ ഇല്ല്യാസ് കണ്ണിപ്പൊയിൽ ഈ കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് വീടൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് കോടേരിച്ചാലിലെ ശ്രദ്ധ പാലിയേറ്റിവ് കൂട്ടായ്മയും നാട്ടുകാരും പ്രവാസികളും ഒത്തുചേർന്ന് സരേഷ് പാലോട്ട് കൺവീനറും പി.സി വിജയൻ ചെയർമാനുമായുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിച്ചു. ഏഴ് ലക്ഷത്തി എൺപതിനായിരത്തോളം വരുന്ന തുകയുടെ ഭൂരിഭാഗവും ഇല്ല്യാസിന്റെ കുടുംബാംഗങ്ങളാണ് നൽകിയത്. നാട്ടിലെ തൊഴിലാളികളുടെയും വിവിധ സംഘടനകളിലെ അംഗങ്ങളുടെയും പ്രവർത്തനം വീടെന്ന ബിജുവിന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ സഹായിച്ചു. വീടിന്റെ താക്കോൽദാനം ഇല്ല്യാസിന്റെ കുടുംബാംഗങ്ങൾ ചേർന്ന് നിർവഹിച്ചു.