covid-mask
കൊവിഡ്

 ബാക് ടു ബേസിസ് കാമ്പയിൻ ശക്തമാക്കും

കോഴിക്കോട് : കൊവിഡിന്റെ രണ്ടാം തരംഗം പടരുന്നത് ഒഴിവാക്കാൻ കുറ്റമറ്റ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടാനുള്ള സാദ്ധ്യത കൂടി പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലാതല പ്രതിരോധ സംഘം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്കും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങൾക്കും രൂപം നൽകും. ഡി.എം.ഒ, ഡി.എസ്.ഒ, ഡി.പി.എം എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള സൗകര്യങ്ങൾ കണ്ടെത്തണം.

മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഗുരുതര രോഗികളെയാണ് ചികിത്സിക്കുക. ഇതിനായി ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ഉറപ്പാക്കും.

തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ട്. ഏപ്രിലിൽ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ബാക് ടു ബേസിസ് കാമ്പയിൻ ശക്തമാക്കും. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കണം.
സിറോ സർവൈലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കൊവിഡ് ബാധിക്കാത്തവരാണ്. ഇവരെ സംരക്ഷിക്കാൻ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കണം. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം.

കൊവിഡ് മാനേജ്‌മെന്റും നോൺ കൊവിഡ് മാനേജ്‌മെന്റും ഒരു പോലെ നടത്താൻ സംസ്ഥാനത്തിന് കഴിഞ്ഞതിനാൽ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. ഇനിയും ആ പ്രവർത്തനം തുടരും. കൊവിഡ് വ്യാപനം വീണ്ടും വല്ലാതെ കൂടിയാൽ ചില ആശുപത്രികൾ പൂർണമായും കൊവിഡ് സെന്ററുകളാക്കി മാറ്റേണ്ടി വരും.

മന്ത്രി ടി.പി. രാമകൃഷ്ണൻ, ഡി.എം.ഒ ഇൻ ചാർജ് ഡോ.പീയുഷ് നമ്പൂതിരിപ്പാട്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ഡി.പി.എം ഡോ. എ. നവീൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

നേരത്തെ ചേർന്ന ഉന്നതതതല അവലോകനയോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ.റംലാ ബീവി തുടങ്ങിയവർ പങ്കെടുത്തു.

''മുൻഗണനാ പട്ടികയിലുള്ള എല്ലാവരും വാക്‌സിൻ എടുത്തുകഴിഞ്ഞുവെന്ന് ഉറപ്പുവരുത്താൻ മാസ് കാമ്പയിൻ ആരംഭിക്കും. ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി കെ.കെ.ശൈലജ