കോഴിക്കോട് : കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.
പേവാർഡിലെ ഒന്നാംനിലയിൽ ഒരുക്കിയ വി.ഐ.പി റൂമിലാണ് മുഖ്യമന്ത്രി. പത്തംഗ മെഡിക്കൽ ബോർഡാണ് ചികിത്സാ ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങളെയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. നിലവിലെ സ്ഥിതി തുടർന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഭരണ നിർവഹണത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ പേവാർഡ് ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി.ജോർജ്ജിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ അഡ്വ.പി.എ.മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവരും കൊവിഡ് ബാധിതരായി ഇവിടെ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.