1

നാദാപുരം: ഇരിങ്ങണ്ണൂരിൽ എടക്കുടി പളളിയ്ക്ക് സമീപം ഇ. കെ അബൂബക്കറിന്റെ ഫാമിലി സൂപ്പർ മാർക്കറ്റിന് തീവെച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി. പി.എം നാദാപുരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ സി. പി .ഐ .എമ്മിന് യാതൊരു പങ്കുമില്ല. പൊലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംഭവം സി. പി. ഐ. എമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് യു. ഡി. എഫ് നേതൃത്വം ശ്രമിക്കുന്നത്. പെരിങ്ങത്തൂരിലെ അക്രമ സംഭവങ്ങളുടെ തുടർച്ചയായി നാദാപുരം മേഖലയിലും കുഴപ്പം സൃഷ്ടിക്കാനാണ് യു. ഡി. എഫ് നീക്കം. വിലാപയാത്രയിൽ പങ്കെടുത്തവർ കച്ചേരിയിലെ പൊതുജന വായനശാലയുടെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തിരുന്നു. സമൂഹ്യവിരുദ്ധരുടെ നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഒറ്റപ്പെട്ട പ്രശ്നങ്ങളെ ഊതി വീർപ്പിക്കാനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയണമെന്നും ഏരിയ സെക്രട്ടറി പി. പി ചാത്തു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഗ്നിക്കിരയാക്കിയ സൂപ്പർ മാർക്കറ്റ് സി. പി. ഐ. എം ഏരിയ സെക്രട്ടറി പി. പി ചാത്തു, ഏരിയ കമ്മിറ്റി അംഗങ്ങളായ
ടി. കെ അരവിന്ദാക്ഷൻ, ടി. അനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഡാനിയ എന്നിവർ സന്ദർശിച്ചു.