lockel
ഫറോക്ക് നല്ലൂരിലെ കോട്ടപ്പാടം തണ്ണീർത്തടം നികത്തി കൈയേറാൻ തെങ്ങിൻ കുറ്റികൾ ഉറപ്പിച്ച നിലയിൽ

ഫറോക്ക്: നല്ലൂർ കോട്ടപ്പാടത്തെ തണ്ണീർത്തടമായ മൺകുഴി മണ്ണിട്ടു നികത്തി കൈയേറുവാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വിശാലവും പ്രകൃതി മനോഹരവുമായ മൺകുഴിയുടെ കിഴക്കു ഭാഗത്താണ് മണ്ണിട്ടുതൂർക്കാൻ ശ്രമം നടക്കുന്നത് . മൺകുഴിയിൽ 10 അടി വീതിയിൽ 100 അടിയോളം നീളത്തിൽ മണ്ണിട്ടു നികത്തുന്നതിന് തെങ്ങിൻ കുറ്റികൾ ഉറപ്പിച്ചിരിക്കുകയാണ്. തെങ്ങിൻകുറ്റി ഉറപ്പിച്ച ശേഷം നികത്തുവാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.മൺകുഴി കൈയേറുന്നതു തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വില്ലജ് ഓഫീസർക്ക് പരാതി നൽകി. കോട്ടപ്പാടം തണ്ണീർത്തടം കൈയേറാനുള്ള ശ്രമം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിലർ കെ.ടി.എ മജീദ് അധികൃതരോട് ആവശ്യപ്പെട്ടു. കോട്ടപ്പാടം മൺകുഴിയിലെ കൈയേറ്റത്തിൽ യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓടു വ്യവസായത്തിന്റെ പ്രതാപകാലത്ത് ഓട്ടുകമ്പനികളിലേക്കു മണ്ണെടുത്തു രൂപപ്പെട്ടതാണ് കോട്ടപ്പാടത്തെ വിശാലമായ ജലാശയം. വേനൽ കടുത്താൽ പ്രദേശത്തുകാരുടെ കുടിവെള്ള സ്രോതസ്സാണ് കോട്ടപ്പാടം തണ്ണീർത്തടം. മേഖലയിലെ കിണറുകളിലും മറ്റും ജലവിതാനം താഴാതെ നിലനിർത്തുന്നതിൽ കോട്ടപ്പാടം നീർത്തടം പ്രധാന പങ്കുവഹിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.ഒട്ടേറെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ തണ്ണീർത്തടം ഒമ്പതര ഏക്കറോളം വരും.