മുക്കം: പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും അനാഥ സംരക്ഷണ പ്രവർത്തനത്തിന്റെയും മതസൗഹാർദ്ദ സംസ്കാരത്തിന്റെയും വിളക്കും വഴികാട്ടിയുമായിരുന്ന വയലിൽ മൊയ്തീൻകോയ ഹാജിയുടെ ഓർമ്മയ്ക്കായി മാനവം സ്ഥാപിച്ച വിളക്കു ശില്പം ഞായറാഴ്ച ഇരുവഞ്ഞിപ്പുഴയോരത്ത് പുനരർപ്പണം ചെയ്യും. രാവിലെ 10.30 ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയും ചേർന്നു പുനരർപ്പണ കർമ്മം നിർവ്വഹിക്കും. കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ്, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ. കെ അബ്ദുറഹിമാൻ, കോഴിക്കോടു ജില്ല പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് വി.കുഞ്ഞാലി, ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ്, വി. അബ്ദുല്ലക്കോയ ഹാജി, വി.മരക്കാർ ഹാജി, വി. കുഞ്ഞാലി ഹാജി എന്നിവർ സംബന്ധിക്കും. മാനവോത്സവത്തിന്റെ ഭാഗമായി നാലു വർഷം മുമ്പു സ്ഥാപിച്ച ശില്പം അറ്റകുറ്റപ്പണികൾക്കു ശേഷം സുരക്ഷിതമായ ഒരിടത്ത് മാറ്റി സ്ഥാപിച്ചതായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.