1

ബാലുശ്ശേരി: ഉണ്ണികുളത്ത് സി.പി.എ.എം പ്രവർത്തകർ കോൺഗ്രസ് ഓഫീസിന് തീയിട്ടു നശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2 മണിക്ക് ശേഷമാണ് സംഭവം. വ്യാഴാഴ്ച യു.ഡി.എഫിന്റെ നേതൃത്വത്തിൽ എകരൂലിൽ നിന്നും കരുമലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം കരുമലയിൽ എത്തിയപ്പോൾ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയും ഇരുമുന്നണികളുടേയും പ്രവർത്തകർക്ക് കാര്യമായി പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് സി.പി.ഐ.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പുന്നോറത്ത് മനോജ്, ഉണ്ണികുളം പഞ്ചായത്ത് മെമ്പർ എം.കെ.വിപിൻ, നസീർ കരിങ്കയിൽ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് കരുമലയിൽ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്തുള്ള ഉണ്ണികുളത്തെ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ഓഫീസിന്റെ മേൽക്കൂരയും അകത്തുണ്ടായിരുന്ന ഫർണിച്ചറുകളും ടി.വി തുടങ്ങിയ സാധനങ്ങളും കത്തിനശിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് സന്ദർശിച്ചു. പരാജയ ഭീതി പൂണ്ടതോടെ സി.പി.എം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടുകയായിരുന്നു. മൺസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കമ്മ്യൂണിസ്റ്റുകാരുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ രാഘവൻ എം.പി, എം.കെ മുനീർ, കെ.രാമചന്ദ്രൻ, കെ.സി അബു, കെ.എം അഭിജിത്ത് തുടങ്ങിയവരും ഓഫീസ് സന്ദർശിച്ചു.