gold

കോഴിക്കോട്: മുംബെയിൽ നിന്ന് ട്രെയിനിൽ മതിയായ രേഖകളില്ലാതെ കടത്തിയ 30 കിലോഗ്രാം സ്വർണാഭരണങ്ങൾ ആർ.പി.എഫ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്റണ്ടരയോടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സ്വർണവേട്ട. സംഭവം. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ബില്ലിലും അനുബന്ധ രേഖകളിലും അപാകത കണ്ടെത്തിയതിനെ തുടർന്ന് 77. 5 ലക്ഷം രൂപ നികുതി ഇനത്തിൽ പിഴയായി ഈടാക്കി.

തൃശൂരിലെ മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവരികയായിരുന്ന ആഭരണങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ബീജാപൂർ സ്വദേശികളായ ജഗ്‌റാം (19), വഷ്‌ന റാം (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻസ് സ്‌ക്വാഡ് അംഗങ്ങളായ ഹെഡ് കോൺസ്റ്റബിൾ വി.പി. മഹേഷ്‌കുമാർ, കോൺസ്റ്റബിൾ സി.അബ്ബാസ് എന്നിവർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. രേഖകളില്ലാത്ത ആഭരണങ്ങളായതിനാൽ കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന ജി.എസ്.ടി ക്ക് കൈമാറുകയായിരുന്നു. 30. 700 കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾക്ക് 13 കോടി രൂപ വില വരുമെന്ന് ജി.എസ്.ടി അധികൃതർ അറിയിച്ചു. കോഴിക്കോട് ഇന്റലിജൻസ് ഡി.സി.എം ദിനേശ്കുമാർ, സ്‌ക്വാഡ് രണ്ടിലെ എ.സി ടി.വി.പ്രമോദ്, എ.എസ്.ടി.ഒ മാരായ കെ. എസ്. സിജീഷ്, സുഹൈൽ എന്നിവരും ജീവനക്കാരനായ രഞ്ജനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.