പുൽപ്പള്ളി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. രണ്ടു വർഷത്തോളമായി നിയമ പ്രശ്നങ്ങളെത്തുടർന്ന് അടഞ്ഞ് കിടക്കുകയായിരുന്നു. രണ്ട് ഭാഗത്ത് നിന്നായി 1150 പേർക്കാണ് ഒരു ദിവസം ദ്വീപിലേയ്ക്ക് പ്രവേശനം.
തുറക്കുന്നതിന് മുന്നോടിയായി പുതുതായി രണ്ട് ചങ്ങാടങ്ങളും വനം വകുപ്പ് സന്ദർശകർക്കായി നിർമ്മിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനയുടെ പരാതിയെ തുടർന്ന് രണ്ട് വർഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു കുറുവ ദ്വീപ്. ഈ അടുത്താണ് ദ്വീപ് തുറക്കാൻ കോടതി അനുമതി നൽകിയത്.
ദ്വീപ് തുറക്കാനുള്ള തീരുമാനം നിരവധി ആളുകൾക്ക് ആശ്വാസമാകും. കുറുവ അടച്ചതോടെ തൊഴിലാളികളും പട്ടിണിയിലായി. കൂലിപ്പണിക്കും മറ്റും പോയാണ് ഇവരെല്ലാം ഉപജീവനമാർഗം കണ്ടെത്തിയത്. 30 ഓളം ജീവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്. കൂടുതലും ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളാണ്. കുറുവാ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവർക്ക് ദ്വീപ് തുറക്കുന്നതോടെ വരുമാനമാകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സന്ദർശകർക്ക് ദ്വീപിലേയ്ക്ക് പ്രവേശനം നൽകുകയെന്ന് വനം വകുപ്പ് പറഞ്ഞു.
ദ്വീപ് തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാക്കം, പാൽവെളിച്ചം എന്നീ വഴികളിലൂടെയാണ് കുറുവയിലെത്തുന്നത്. പ്രവേശന ഫീസും ഉയർത്തിയിട്ടില്ല. പ്ലാസ്റ്റിക് വസ്തുക്കൾ ദ്വീപിനുള്ളിലേക്ക് കയറ്റാൻ അനുമതിയില്ല.