kanivellari

കോഴിക്കോട്: വിഷുപുലരിയിൽ കണികണ്ടുണരാൻ വിപണിയിൽ കണിവെള്ളരിയെത്തി. കൊവിഡ് കാലത്തും നാടും നഗരവും പ്രതീക്ഷയുടെ കണി നിരത്താനൊരുങ്ങുമ്പോൾ ജില്ലയിലെ കണിവെള്ളരി കർഷകർക്കും ആശ്വാസമാണ്. ടൺ കണക്കിന്‌ വെള്ളരിയാണ്‌ വയലുകളിൽ വിളഞ്ഞിരിക്കുന്നത്. കിലോയ്ക്ക് 35 മുതൽ 50 രൂപയാണ് വില. നഗരത്തിലെ പ്രധാന മാളുകൾ, റസിഡന്റ്‌സ് അസാസിയേഷനുകൾ, വിഷു വിപണന കേന്ദ്രങ്ങൾ, പാളയം പച്ചക്കറി മാർക്കറ്റ്, വേങ്ങേരി കാർഷിക വിപണന കേന്ദ്രം എന്നിവിടങ്ങളിലെല്ലാം വെള്ളരി നിരന്നുകഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നാണ് കണിവെള്ളരി വിപണി ലക്ഷ്യമാക്കി എത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി പെരുവയൽ, ചെത്തുകടവ്, കുന്ദമംഗലം, ചാത്തമംഗലം, കുറ്റിക്കാട്ടൂർ, മുണ്ടുപാലം, മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഏക്ക‌ർ കണക്കിന് വയലുകളിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. കഴിഞ്ഞ വർഷം വിളവെടുത്ത വെള്ളരിയിൽ നിന്ന് നല്ലയിനം മാറ്റിവെച്ചാണ് വിത്തുണ്ടാക്കുന്നത്. വീടുകളിൽ നാടൻ രീതിയിൽ ഉണക്കിയെടുക്കുന്ന വിത്തുകൾ നടീലിനായി ഉപയോഗിക്കുന്നു. മൂന്ന് മാസമാണ് കണിവെളളരി പാകമാകാൻ എടുക്കുന്ന സമയം. ലോക്ക് ഡൗൺ കാരണം കഴിഞ്ഞ വിഷുവിന് വിളവെടുത്ത വെള്ളരി ഏറെ നഷ്ടം സഹിച്ചാണ് കർഷകർ വിപണിയിൽ എത്തിച്ചത്. വേനൽ മഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴകൊണ്ടാൽ മൂത്ത വെളളരിയടക്കം പൊട്ടി നശിച്ചുപോകും. മുൻ വർഷത്തെ അപേക്ഷിച്ച് സമയംതെറ്റി പെയ്ത മഴയും കടുത്ത വേനലും കൃഷിയെ സാരമായി ബാധിച്ചിരുന്നു. വിഷുവിന്റെ വരവറിയിച്ച് വീടിന്റെ ഉമ്മറത്ത് കണിവെള്ളരി തൂക്കിയിടുന്ന ശീലം മലയാളിക്കുണ്ടായിരുന്നു. കണിയൊരുക്കുന്നതിലും കണിക്കൊന്നയോളം പ്രാധാന്യം കണിവെള്ളരിക്കുമുണ്ട്.