കോഴിക്കോട്: മനുഷ്യജീവിതത്തിലെ സംഘർഷങ്ങളും പ്രതീക്ഷയും സന്തോഷവും നിറങ്ങളിൽ ചാലിച്ച 'ജേർണി ഇൻ ടു ദ ബിയോണ്ട്' ചിത്രപ്രദർശനത്തിന് ആർട്ട് ഗ്യാലറിയിൽ തുടക്കമായി.
കൊവിഡ് കാലത്ത് ഒറ്റപ്പെട്ടു പോയ മനുഷ്യവംശത്തിന്റെ പ്രതീക്ഷകളും, പ്രകൃതിയുടെയും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ഉൾചേരലുകളുമാണ് തന്റെ ക്യാൻവാസിലെന്നാണ് തൃശൂർ സ്വദേശിയായ ചിത്രകാരൻ ശ്രീരാജ് തന്യാം പറയുന്നത്. അർത്ഥവും ആശയവും നേരേ പറഞ്ഞുവയ്ക്കുന്ന നേർരേഖകൾ ഒന്നും തന്നെയില്ല ശ്രീരാജിന്റെ വരകളിൽ. വരകളുടെ ആഴവും അർത്ഥവുമൊക്കെ കണ്ടെത്തേണ്ടത് കാഴ്ചക്കാരൻ തന്നെ.
യാത്രകളിലൂടെയാണ് ശ്രീരാജിന്റെ ഓരോ ചിത്രവും പിറവിയെടുത്തിരിക്കുന്നത്.
അക്രലിക്, പെൻസിൽ, ക്രയോൺ എന്നിവ ഉപയോഗിച്ച് വരച്ച ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കവിയും സാംസ്കാരിക നിരീക്ഷകനുമായ കൽപ്പറ്റ നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മുതൽ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദർശനം. 13 ന് പ്രദർശനം അവസാനിയ്ക്കും.