രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പരിപാടികൾ ഒഴിവാക്കും
കോഴിക്കോട് : ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാർട്ടികളുടെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കാൻ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനം. കൊവിഡിനെ തടയാൻ ജില്ലാ ഭരണകൂടം നേരത്തെ തീരുമാനിച്ച നിർദ്ദേശങ്ങളും ക്രമീകരണങ്ങളും നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആളുകളെ നിയന്ത്രിക്കും. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, ഡെസ്റ്റിനേഷൻ മാനേജർമാർ എന്നിവർക്ക്ചുമതല നൽകി. വൈകീട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കില്ല. 60 വയസിന് മുകളിലുള്ളവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആരാധനാലയങ്ങളിൽ 100ൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. 10 വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമായവരുടെ പ്രവേശനം നിയന്ത്രിക്കും. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. വിവാഹ ചടങ്ങുകൾ കൂടുതൽ ദിവസങ്ങളിലായി നടത്തുന്നത് കർശനമായും തടയും. വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തി . അടച്ചിട്ട മുറികളിലാണെങ്കിൽ 100 പേർക്ക് മാത്രം അനുമതി. ചടങ്ങുകളുടെ വിവരങ്ങൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ഉപയോഗിക്കാതിരുന്നാൽ നിയമ നടപടി സ്വീകരിക്കും. പ്രായമായവർ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഷോപ്പുകൾ, മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം കർശനമാക്കി. 30 ചതുരശ്ര അടി വിസ്തീർണത്തിന് ഒരാൾ എന്ന നിലയിലാണ് പ്രവേശനം. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. യോഗത്തിൽ സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്, എ.ഡി.എം എൻ. പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ എൻ.റംല, റൂറൽ അഡി.എസ്.പി എം. പ്രദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം.പീയൂഷ്, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.മോഹനൻ, ടി.വി ബാലൻ, പി.എം അബ്ദുറഹ്മാൻ, കെ.മൊയ്തീൻ കോയ, തളത്തിൽ ചക്രായുധൻ, ഹരിദാസ് പൊക്കിണാരി, കെ.ലോഹ്യ, ഷർമ്മദ് ഖാൻ ഒളവണ്ണ, എൻ.സി മോയിൻ കുട്ടി, പി.ആർ സുനിൽ സിംഗ് എന്നിവർ പങ്കെടുത്തു.