കൊയിലാണ്ടി: വിഷുവിന് മുന്നോടിയായി പാടശേഖരങ്ങളിൽ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. എന്നാൽ വിളകൾക്ക് മതിയായ വില കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. കൊവിഡ് കാലത്ത് നാട്ടിലെ കലാസമിതിയും യുവജന കൂട്ടങ്ങളും വലിയ തോതിൽ പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. വിയ്യൂർകുളം, കൊയിലാണ്ടി, മാവട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കൃഷി നടത്തിയത്. വിയ്യൂർക്കുളം പാടശേഖരത്തിൽ മൂന്ന് ഏക്കറാണ് പച്ചക്കറി കൃഷി ഇറക്കിയത്. വെണ്ട, മീറ്റർ പയർ, പാവൽ, വെള്ളരി, എളവൻ, മത്തൻ, ചീര, പടവലം എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. വിളവെടുപ്പ് തുടങ്ങിയപ്പോൾ മതിയായ വില കിട്ടാത്ത അവസ്ഥയാണ്. ഓപ്പൺ മാർക്കറ്റിലും ഹോർട്ടി കോർപ്പറേഷന്റ
ഔട്ലറ്റിലും പച്ചക്കറിയ്ക്ക് വില കുറഞ്ഞതാണ് പ്രശ്നം. ഈ വിലയ്ക്ക് വിറ്റാൽ തങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ഹോർട്ടി കോർപ്പറേഷന്റ
ഔട്ലെറ്റിൽ നാടൻ ഇനങ്ങൾക്ക് വലിയ വിലക്കുറവാണ്. ചെറിയ
തോതിൽ ആവശ്യക്കാർ പാടത്ത് വരാറുണ്ടെങ്കിലും സാധനങ്ങൾ വിറ്റഴിയാത്ത അവസ്ഥയിലാണ്. നഗരസഭയും കൃഷിഭവനും മുൻകൈയെടുത്ത് വിപണന സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നിലവിലെ നിരക്ക്
വെണ്ട - 29
എളവൻ - 13
മത്തൻ - 17
കക്കിരി - 20
എത്തൻ കായ - 29