arts

വടകര: സ്കൂൾ അവധി വെറുതേയിരുന്ന് ചിലവഴിക്കാൻ തയ്യാറല്ല ആറാം ക്ലാസുകാരി വൈക്കിലശ്ശേരി കൂടത്തിൽ ദേവാജ്ഞന സതീഷ് കുമാർ. ഉപയോഗശൂന്യമായ ഏത് വസ്തുവും ദേവാജ്ഞനയുടെ കൈയ്യിൽ എത്തിയാൽ വിവിധ തരം അലങ്കാര വസ്തുക്കളായി മാറാൻ സമയം ഏറെ വേണ്ട. ചിരട്ടയിൽ ഫ്ലവർ ഫോട്ട്, ഉപയോഗ ശൂന്യമായ ബൾബിൽ ചായം നല്കി വിടർന്നു നില്ക്കുന്ന സൂര്യകാന്തി, പേപ്പർ സ്ട്രോയും റൗണ്ട് ചീർപ്പും കൊണ്ടുള്ള ജാർ, വൈവിധ്യമാർന്ന ബോട്ടിലുകളിൽ വയലിൻ, വീണ തുടങ്ങിയവയും കഥകളി രൂപവും, ബോട്ടിലിൽ ചായം തേച്ച് മുട്ടത്തോട് പതിച്ച് പലതരം കലാരൂപങ്ങൾ തുടങ്ങി നിരവധിയുണ്ട് ഈ മിടുക്കിയുടെ കലാവിരുതുകളിൽ. ചിരട്ടകൾ ചെത്തിമിനുക്കി ചായം കൊണ്ട് പുള്ളികുത്തി റിംഗിൽ നിശ്ചിത അകലത്തിൽ ചരടിൽ ഉറപ്പിച്ച കോക്കനറ്റ് സ്പിരൽ ഹാങ്കിംഗ് ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്നത് കമനീയമാണ്. ലോക്ഡൗൺ സമയത്ത് യൂ ട്യൂബ് വിഡിയോകളിൽ നിന്നാണ് ഇവയൊക്കെയും ദേവാജ്ഞന സ്വായത്തമാക്കിയത്. കളിപ്രായമാണെങ്കിലും പാചക കലയിലും ദേവാജ്ഞന ഒട്ടും മോശമല്ലെന്നാണ് അച്ഛമ്മ കാർത്ത്യായനി പറയുന്നത്. വടകര അമൃത പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവാജ്ഞന ആർ.കെ സതീഷ് കുമാർ സഞ്ചന ദമ്പതികളുടെ മകളാണ്