നാദാപുരം: ഇരിങ്ങണ്ണൂരിൽ സൂപ്പർ മാർക്കറ്റിന് തീ വെച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഇരിങ്ങണ്ണൂർ കച്ചേരിയിലെ പുതുക്കൽ താഴക്കുനി ഷൈജുവി (37) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായ കായപ്പനിച്ചിയിലെ തച്ചോളിക്കുനി അഷ്റഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത്
റോഡിൽ എത്തിയ ഇരുവരും സൂപ്പർ മാർക്കറ്റിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തീയിട്ട ശേഷം തിരിച്ചു പോകുന്നതിനിടെ കായപ്പനിച്ചി ചെറുകുളത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ച ഇവർ പൊലീസ് പട്രോൾ വാഹനം കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവരും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് ഇരിങ്ങണ്ണൂർ സ്വദേശി എടക്കുടി അബൂബക്കറുടെ ഫാമിലി സൂപ്പർ മർക്കറ്റ് കത്തിച്ചത്. യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന ഇയാളുടെ കട രാഷ്ട്രീയ വിരോധികൾ കത്തിച്ചതാണെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ച് സംഭവത്തിൽ പങ്കില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രതി അറസ്റ്റിലാവുന്നത്.