പുൽപ്പള്ളി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് രണ്ട് വർഷത്തിന് ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹം. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കുറുവാ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചത്.
കുറുവാ ദ്വീപ് തുറക്കുമെന്നറിഞ്ഞ് രാവിലെ മുതൽ തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. ആദ്യദിനം തന്നെ പാൽവെളിച്ചം ഡി.ടി.പി.സി സെന്റർ വഴി 575 പേരാണ് ദ്വീപിൽ പ്രവേശിച്ചത്. പാക്കം വഴി 509 പേരും ദ്വീപിലെത്തി. 183 പേർ ചങ്ങാട സവാരിയും നടത്തി.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് സാനിറ്റെസർ, ജാക്കറ്റ് ഉൾപ്പെടെ നൽകിയാണ് യാത്രക്കാരെ ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്.
രണ്ട് വർഷത്തോളമായി നിയമ പ്രശ്നങ്ങളെത്തുടർന്ന് ദ്വീപ് അടഞ്ഞു കിടക്കുകയായിരുന്നു. ദ്വീപിലേയ്ക്ക് രണ്ട് ഭാഗത്ത് നിന്നുമായി 1150 പേർക്കാണ് ഒരു ദിവസം പ്രവേശനം നൽകുന്നത്. തുറക്കുന്നതിന് മുന്നോടിയായി പുതുതായി 2 ചങ്ങാടങ്ങളും വനം വകുപ്പ് സന്ദർശകർക്കായി നിർമ്മിച്ചിരുന്നു.കുറുവ ദ്വീപ് തുറക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ അനുവദിച്ച സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി താൽക്കാലികമായി പിൻവലിച്ചതോടെയാണ് കേന്ദ്രം തുറക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. 2019 മാർച്ച് 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവാദ്വീപ് അടച്ചുപൂട്ടിയത്. വനമേഖലകളിൽ ഇക്കോ ടൂറിസം നടപ്പിലാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. ഇതിനെതിരെ പ്രദേശത്തെ 38 ഓളം പേർ ചേർന്ന് നൽകിയ ഹർജിപരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രം തുറക്കാൻ ഹൈകോടതി താൽക്കാലികാനുമതി നൽകിയത്. കുറുവ അടച്ചുപൂട്ടുന്നതിന് മുമ്പായി ദിവസേന പ്രവേശനം നൽകിയിരുന്ന പ്രതിദിനം 1050 പേർക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനത്തിന് അനുമതിയുള്ളൂ. ഇത് കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശനകവാടങ്ങൾക്ക് തുല്യമായി പങ്കുവെക്കുകയാണ്.കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് രണ്ടു വർഷത്തിലധികമായി പ്രദേശത്തെ വ്യക്തികളും ഒരു സംഘടനയും നൽകിയ ഹർജിയും ഹൈക്കോടതിയിൽ ഉണ്ട്. ഇതിലെ വാദംകൂടി പൂർത്തിയായാൽ മാത്രമെ കുറുവാദ്വീപ് വിനോദസഞ്ചാര കേന്ദ്രമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനമാവുകയുള്ളു.
ദ്വീപ് തുറക്കുന്നതിന്റെ ഭാഗമായി റോഡുകൾ ടാർ ചെയ്യുകയും മറ്റ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കുറുവ വീണ്ടും തുറന്നത് നിരവധി പേർക്ക് ആശ്വാസമായി. കുറുവ ദ്വീപ് അടച്ചതോടെ തൊഴിലാളികളും പട്ടിണിയിലായിരുന്നു. 30 ഓളം ജീവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്.കൂടുതലും ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളാണ്. കുറുവാ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവർക്ക് ദ്വീപ് വീണ്ടും സജീവമാകുന്നതോടെ വരുമാനമാർഗമാവും.