കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കക്കുഴിപ്പാലം ശാഖ മുടപ്പാട്ട് പാലത്തിന് സമീപം സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം ഇരുട്ടിന്റെ മറവിൽ കത്തിച്ച സാമൂഹ്യവിരുദ്ധരെ എത്രയും വേഗം പിടികൂടണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കിൽ ഹൈന്ദവ സംഘടനകളുമായി യോജിച്ച് ശക്തമായ സമരത്തിന് യൂണിയൻ നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ഛായാചിത്രം നശിപ്പിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണ്. യോഗത്തിന്റെ പ്രവർത്തനം ശക്തമാകുന്നതിൽ വിറളിപൂണ്ട, രാഷ്ട്രീയ തിമിരം ബാധിച്ച ഈ സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂണിയൻ നേതൃത്വം പൊലീസ് മേധാവിയോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ. ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.എം.രാജൻ, പി.കെ. ഭരതൻ, എം. മുരളീധരൻ, വി. സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത് ,കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.