കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികൾ വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധിക്കും. ഐ.എൻ.ടി.യു.സി സമര സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലെ നിരാഹാര സമരം ഇന്ന് 160 ദിവസം പിന്നിട്ടു. നീതിക്കായ് സമരം ചെയ്യുന്ന തൊഴിലാളികളുടെ കുടുംബം മുഴുപട്ടിണിയിലാണ്. സമരക്കാരിൽ പലരും കൊവിഡ് ബാധിതരായി. ഒരാൾ മരിച്ചു. സമരത്തിനോട് പുറംതിരിഞ്ഞു നിൽക്കുന്ന ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വിഷുദിനത്തിൽ പ്രതീകാത്മകമായി മണ്ണ് തിന്ന് പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അറിയിച്ചു. കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാ​റ്റിക് )ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ, ഐ.എൻ.ടി.യു.സി ജില്ലാ ജന:സെക്രട്ടി എം.ടി.സേതുമാധവൻ, സമരസമിതി നേതാക്കളായ ടി.വിലാസിനി, കെ.വി.ശിവൻ എന്നിവർ പ്രസംഗിച്ചു. എം.കെ. സരോജിനി, കെ.കെ. സരോജിനി എന്നിവരാണ് ഇന്നലെ സത്യാഗ്രഹമിരുന്നത്.