കോഴിക്കോട്: അറപ്പുഴ പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ ഉപരിതലത്തിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ എം.കെ.രാഘവൻ എം.പി നാഷണൽ ഹൈവെ അതോറിറ്റി പ്രോജക്ട്‌സ് മെമ്പർ ആർ.കെ പാണ്ഡെ, റീജിയണൽ ഓഫീസർ ബി.എൽ. മീണ, കോഴിക്കോട് പ്രൊജക്ട് ഡയറക്ടർ നിർമ്മൽ മനോഹർ സാഡെ എന്നിവരോട് ആവശ്യപ്പെട്ടു.
പാലത്തിന്റെ ഉപരിതലത്തിൽ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പാതാളക്കുഴികളാണ് പലയിടത്തും. പാലത്തിൽ എത്തുമ്പോൾ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതോടെ ബൈപ്പാസിലുടനീളം വലിയ ഗതാഗതക്കുരുക്കാണ്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡം അനുസരിച്ച് ആറുവരിപ്പാതയുടെ പി.സി.യു ഉള്ളിടത്ത് രണ്ടുവരിപ്പാത മാത്രമേയുള്ളുവെതാണ് അടിസ്ഥാനപ്രശ്‌നം.
നേരത്തേ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറുണ്ടയിരുന്നു. എന്നാൽ, ആറുവരിപ്പാത പദ്ധതിയുടെ ഭാഗമായി പാലം നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത ശേഷമാണ് അറ്റകുറ്റപ്പണി മുടങ്ങിയത്. പ്രവൃത്തി ഇനിയും വൈകാനിടയായാൽ ബൈപാസിലും കോഴിക്കോട് നഗരത്തിലും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാവും. കരാർ ഏറ്റെടുത്ത കമ്പനിയ്ക്ക് പ്രവൃത്തിയുടെ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ എൻ.എച്ച്.എ.ഐ യുടെ അലംഭാവമാണ് കാര്യങ്ങൾ വഷളാക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.
ബൈപ്പാസിലെ ട്രാഫിക് സുഗമമാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.