കോഴിക്കോട്: സമൃദ്ധിയുടെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. ലോക്ക് ഡൗണിൽ ഇരുട്ടിലാണ്ട ഇന്നലെകളെ മറന്ന് കൊവിഡ് മഹാമാരി വട്ടമിട്ട് പറക്കുമ്പോഴും വിഷു ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ വർഷം കൊവിഡിൽ നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കോഴിക്കോട് മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വിപണി സജീവമാണ്. കിടിലൻ ഓഫറുകൾ നൽകിയാണ‌് വ്യാപാര കേന്ദ്രങ്ങൾ ഉപഭോക്താക്കളെ വിളിക്കുന്നത‌്.
കൊവിഡിൽ നിന്നുളള കരുതലായി വിഷുക്കോടിയും പടക്കങ്ങളും മറ്റും വാങ്ങാൻ തിരക്കൊഴിഞ്ഞ നേരം നോക്കിയെത്തുന്നവർ പോലും നഗരത്തിരക്കിൽ മുങ്ങിപ്പോവുകയാണ്. വിഷുവിന് രണ്ടുനാൾ മാത്രം ശേഷിക്കെ ഇന്നലെ വിപണന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കായിരുന്നു. കനത്ത വെയിലിനെ അവഗണിച്ച് കുടുംബ സമേതമാണ് പലരും വിഷുക്കോടി വാങ്ങാൻ നഗരത്തിലെത്തിയത്. സാധാരണക്കാരുടെ കീശ കാലിയാക്കാത്ത തെരുവ് കച്ചവടത്തിലാണ് മിക്കവരുടെയും ശ്രദ്ധ.
പച്ചക്കറി, പലചരക്ക് കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയും പൊടിപൊടിക്കുകയാണ്.
കണിവെള്ളരിയും കണിമത്തനും കടകളിൽ നിരന്നുകഴിഞ്ഞു. കണിവെള്ളരിക്കും മത്തനും 35 രൂപ മുതലാണ് വില. പച്ചക്കറികളും പഴങ്ങളുമടങ്ങിയ വിഷുക്കിറ്റും വിപണിയിലുണ്ട്. പച്ചക്കറിക്ക് വില കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. വിഷുവിന് പിന്നാലെ റംസാനും എത്തുന്നതിനാൽ വിപണിക്ക് ഉണർവുണ്ടാകുമെന്ന പ്രത്യാശയിലാണ് കച്ചവടക്കാർ. വിഷു പ്രമാണിച്ച് കൂടുതൽ സാധനങ്ങൾക്ക് ഓർഡർ നൽകി കാത്തിരിക്കുകയാണ് വ്യാപാരികൾ. രണ്ട് ദിവസത്തിനുള്ളിൽ കൊന്നപ്പൂക്കളും വിൽപ്പനയ്‌ക്കെത്തും. മിഠായിത്തെരുവ്, മാനാഞ്ചിറ, പാളയം മാർക്കറ്റുകളിലെ വൈകീട്ടത്തെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെടുകയാണ്. വിഷു വിപണി ലക്ഷ്യമാക്കിയെത്തുന്നവരുടെ വാഹനങ്ങൾ നിറഞ്ഞതോടെ റോഡുകളിൽ ഗതാഗത ക്കുരുക്കും രൂക്ഷമായിട്ടുണ്ട്.