പേരാമ്പ്ര: സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും റോട്ടറി ക്ലബ്ബ് പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 12,13 തീയ്യതികളിൽ എരവട്ടൂരിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ചേനായി റോഡിലെ സേവ് ചാരിറ്റബിൾ ട്രസ്റ്റ് ഹാളിലാണ് വാക്സിനേഷൻ നടത്തുന്നത്. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിലേക്കാവശ്യമായ വാക്സിനെത്തിക്കുന്നതും കുത്തിവെപ്പ് നടത്തുന്നതും ആരോഗ്യ വകുപ്പാണ്.രണ്ട് ദിവസങ്ങളിലായി 45 വയസ്സിന് മുകളിലുള്ള 700 ഓളം പേർക്ക് ഇവിടെ നിന്നും വാക്സിനേഷൻ എടുക്കാവുന്നതാണ്. വാക്സിനേഷന് എത്തുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൊണ്ടു വരേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 9846119916, 9446280988 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് സോണൽ സെക്രട്ടറി വി.പി. ശശിധരൻ, പ്രോഗ്രാം കോ.ഓഡിനേറ്റർ എം. ഷംസുദ്ദീൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ട്രഷറർ എം.എം. രാജൻ, വി.സി നാരായണൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.