tripti-desai-will-be-stop

കോഴിക്കോട്: ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ ഇളവ് വരുത്തി മന്ത്രി കെ.ടി. ജലീൽ ബന്ധുവിന് നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിനാൽ മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധി തള്ളിക്കളഞ്ഞ് മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ്. വിദേശ കോൺസുലേറ്റുമായുള്ള വഴിവിട്ട ബന്ധമുൾപ്പെടെ വിവാദങ്ങൾ പലതുണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് കെ.ടി ജലീൽ. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തോടും പുച്ഛമാണ് ജലീലിന്. ഇ.പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരി​ഗണന എന്തുകൊണ്ടാണ് ജലീലിന് കിട്ടുന്നതെന്ന് സി.പി.എം അനുഭാവികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.