വടകര: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികൾ ഊർജിതം. എന്നാൽ വ്യാപാരികൾക്കും, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമുള്ള നഷ്ടപരിഹാര വിതരണം ത്രിശങ്കുവിൽ.
ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങൾ നഷ്ടപെടുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം രേഖകൾ പരിശോധിച്ചു ദ്രുതഗതിയിൽ നടന്നു വരികയാണ്. പക്ഷെ വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ വ്യാപാരി സംഘടനകളും ദേശീയപാത കർമ്മ സമിതിയും സർക്കാർ തലത്തിൽ നടത്തിയ ചർച്ചയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഉള്ള വ്യാപാരികൾക്കും അംഗീകൃത തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന്റെ നടപടികൾ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. ആയുസിന്റെ മുക്കാൽ ഭാഗവും ഈ മേഖലയിൽ ചെലവഴിച്ചവരുടെ ദുരിതത്തിലേയ്ക്കാണ് ഇത് വഴിവയ്ക്കുക.
കെട്ടിട ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് കച്ചവടക്കാർ ഒഴിയേണ്ടിവരും. നഷ്ടപരിഹാരം ലഭിച്ച ഉടമകളോട് കെട്ടിടം ഏല്പിച്ചു തരാൻ ലാൻഡ് അക്വിസിഷൻ വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതുവരെ കച്ചവടക്കാരുടെ വിവര ശേഖരണം പോലും അധികൃതർ പൂർത്തിയാക്കിയിട്ടില്ല. നഷ്ട പരിഹാരം സംബന്ധിച്ച ഫണ്ടുകൾ ലാൻഡ് അക്വിസിഷൻ ഓഫീസുകളിൽ എത്തിയിട്ടില്ലെന്ന് വ്യാപാരികൾക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമായി. തിരഞ്ഞെടുപ്പിന് മുൻപു നഷ്ടപരിഹാരം ഉറപ്പാക്കി മാത്രമേ ഏറ്റെടുക്കൽ നടപടി തുടങ്ങുവെന്ന അധികൃതരുടെ ഉറപ്പ് പാഴ് വാക്കായി. സ്ഥലം ഏറ്റെടുത്തു ജോലി പുരോഗമിച്ചു വരുന്ന തലശേരി- മാഹി ബൈപാസിലെ ഒരു വ്യാപാരിക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതേ അവസ്ഥ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള വ്യാപാരികൾക്കും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്. പുതിയ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം കച്ചവടം ചെയ്യുന്ന വ്യാപാരിക്കും തൊഴിലാളിക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾ നഷ്ടപെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കർമ്മ സമിതി സംസ്ഥാന അംഗം പ്രദീപ് ചോമ്പാല, ജില്ലാ കൺവീനർ എ. ടി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.