വടകര: ഉപജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ വടകര എ.ഇ.ഒ ഓഫീസ് കാണിക്കുന്ന നിരുത്തരവാദിത്തം ഉടൻ അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ വടകര സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിയമനാംഗീകാരം, ശമ്പള പരിഷ്കരണം, ഗ്രേഡാനുകൂല്യങ്ങൾ തുടങ്ങിയവയ്ക്ക് എ.ഇ.ഒ ഓഫീസ് അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് പതിവായിരിക്കുന്നു. പ്രധാനാദ്ധ്യാപക നിയമനം നടക്കാത്ത സ്കൂളുകളിൽ മാർച്ച് മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവുമെന്ന് കമ്മറ്റി അറിയിച്ചു. യോഗത്തിൽ അഖിലേഷ് ചന്ദ്ര അദ്ധ്യക്ഷനായി. ബി.മധു, വി.വി വിനോദ്, കെ. നിഷ, രഞ്ചുമോൻ കെ, അജിത കെ. വി, പി സന്ദീപ് എന്നിവർ സംസാരിച്ചു.