കുറ്റ്യാടി: കായക്കൊടിയിൽ സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റ് കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരുക്ക്. ചേറ്റുപൊയിൽ ദിനേശനാണ് (40) പരുക്കേറ്റത്. ശരീരമാസകലം പരുക്കേറ്റ നിലയിൽ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിനേശനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് കായക്കൊടി ടൗണിലാണ് സംഭവം. അങ്ങാടിയിൽ യാതൊരു പ്രകോപനവും ഇല്ലാതെ സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ദിനേശനെ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം നെല്ലിലായി വായന ശാലയ്ക്ക് സമീപം കൂവക്കൊല്ലിയിൽ സജീഷ് എന്ന കോൺഗ്രസ് പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചവരെ സി.പി.എം തെരഞ്ഞുപിടിച്ചു അക്രമിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. കായക്കൊടി പ്രദേശത്ത് നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളുമായാണ് സി.പി.എം മുന്നോട്ടു പോവുന്നതെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന അക്രമ സംഭവത്തിൽ കായക്കൊടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ ഇ.മുഹമ്മദ് ബഷീർ, കൺവീനർ അനന്തൻ കിഴക്കയിൽ, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കോരങ്കോണ്ട് മൊയ്തു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി മൊയ്തു, ഒ.പി മനോജ്, കെ.പി ബിജു എന്നിവർ പ്രതിഷേധിച്ചു.