1
ബോൺസായി തെങ്ങുകളുമായി സുധാകരൻ

കാക്കൂർ: അധികമാരും പരീക്ഷിക്കാത്ത ബോൺസായി തെങ്ങുകൾ ഉത്പ്പാദിപ്പിച്ച് പ്രവാസിയുടെ വേറിട്ട മാതൃക. കാക്കൂർ പി.സി പാലത്തെ സുധാകരനാണ് ബോൺസായി തെങ്ങുകളുടെ ശിൽപ്പി. വിദേശത്ത് എ.സി മെക്കാനിക്കായിരുന്ന ഇദ്ദേഹം 40 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് 2 വർഷമായി നാട്ടിലാണ്. കൊവിഡ് കാലത്താണ് സുഹൃത്തായ ഫിലിപ്പൈൻസുകാരനിൽ നിന്ന് ബോൺസായി തെങ്ങ് ഉത്പാദിപ്പിക്കാൻ പഠിക്കുന്നത്. ലോങ് റൂട്ട് തൈകൾ വെള്ളം നിറച്ച കുപ്പിയിലും ഷോർട്ട് റൂട്ട് തൈകൾ പ്ലാസ്റ്റിക്ക് ട്രേയിലും മുളപ്പിച്ചെടുത്ത് മണൽ ചേർത്തുണ്ടാക്കിയ ചട്ടിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ഒരു തേങ്ങ ബോൺസായിയാക്കാൻ ഒന്നര വർഷം വരെ എടുക്കും. കായ്ക്കാൻ സാധാരണ തൈ 5 വർഷവും ഗംഗാബോണ്ടം പോലുള്ളവ ഒന്നര വർഷത്തിനുളളിലും കായ്ക്കുമെന്ന് സുധാകരൻ പറയുന്നു. നഴ്സറികളുടെ ഓർഡർ അനുസരിച്ച് തൈകൾ നൽകും. ആൽ, പുളി തുടങ്ങിയ മരങ്ങളുടെ ബോൺസായും ചെയ്യാറുണ്ട്. കർഷക കുടുംബാംഗമായ ഇദ്ദേഹം 1991ലെ കുവൈത്ത് യുദ്ധകാലത്ത് തണുപ്പ് പ്രദേശത്ത് വിളയുന്ന കാരറ്റ്, ബീറ്റ്റൂട്ട്, കോളി ഫ്ളവർ എന്നിവ കൃഷിചെയ്ത് ഏറെ പ്രശംസ നേടിയിരുന്നു. ജയശ്രീയാണ് ഭാര്യ. എസ്.ബി.ഐ കിഴക്കെ നടക്കാവ് ബ്രാഞ്ച് മാനേജർ നീതു, എംടെക് വിദ്യാർത്ഥി വൈഷ്ണവ് എന്നിവർ മക്കളാണ്.