കോഴിക്കോട്: അദ്ധ്യാപക നിയമനത്തിൽ അടിമുടി സംവരണ അട്ടിമറി തുടരുന്ന കാലിക്കറ്റ് സർവകലാശാല,യ്ക്ക്, വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിലും
ഭീഷണിയുടെ സ്വരം.
വിവിധ പഠന വകുപ്പുകളിലെ അസി. പ്രൊഫസർ നിയമനത്തിൽ ഇന്റർവ്യുൂ ബോർഡ് അംഗങ്ങൾ ഓരോരുത്തരും നൽകിയ മാർക്ക് വെളിപ്പെടുത്തിയാൽ അവരുടെ ജീവനു ഭീഷണിയാവുമെന്നാണ് വിചിത്ര മറുപടി. അതുകൊണ്ടുതന്നെ വിവരാകാശ നിയമം 8 (1 ) ( G) പ്രകാരം വിവരം പുറത്തുവിടാനാവില്ലെന്നും ഒരു ഉദ്യോഗാർത്ഥിയുടെ ചോദ്യത്തിനുള്ള പ്രതികരണത്തിൽ വിശദീകരിക്കുന്നു.
യൂണിവേഴ്സിറ്റി നിയമ പ്രകാരം ഓരോ ഉദ്യോഗാർത്ഥിക്കും ഇന്റർവ്യുവിന് ലഭിച്ച മാർക്ക് സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അത്ര സുതാര്യമായിരിക്കേണ്ട വിവരമാണ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമായി സർവകലാശാലാ അധികൃതർ പൂഴ്‌ത്തുന്നത്.വിവരാകാശ നിയമം 8 (1 ) ( G) വകുപ്പ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണ്. ഉദ്യോഗാർത്ഥികളെ മന:പൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ വകുപ്പ് പ്രയോഗത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
റാഞ്ചി ഐ.ഐ.എമ്മിൽ അസി. പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ച കാസർകോട് സ്വദേശിയും,പട്ടിക വിഭാഗക്കാരനുമായ രഞ്ജിത്തിന് നേരത്തെ ഇവിടെ ധനതത്വശാസ്ത്ര വകുപ്പിലേക്കുള്ള ഇന്റർവ്യുവിന് നാലാം റാങ്ക് കിട്ടിയിട്ടും ജോലി നിഷേധിച്ചത് വിവാദമായി. നാലു ഒഴിവുണ്ടായിട്ടും മൂന്നു പേർക്കേ നിയമനം നൽകിയിരുന്നുള്ളൂ.നാലാം റാങ്കുകാരനായ രഞ്ജിത്തിനെ തഴഞ്ഞു സംവരണ പട്ടിക മുൻകൂട്ടി വെളിപ്പെടുത്താതെയായിരുന്നു ആ നിയമനങ്ങളും.