vac

കോഴിക്കോട്: കൊവിഡ് വ്യാപനം വല്ലാതെ കൂടി വരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൂടുതൽ എഫ്.എൽ.ടി.സി കൾ ഒരുക്കാനും പ്രതിരോധ വാക്സിൻ വിതരണം വേഗത്തിലാക്കാനും നടപടിയായി. കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ജില്ലയിലെ 21 ആശുപത്രികളിലായി 3,499 കിടക്കകളുണ്ട്. ഇതിൽ 1,874 കിടക്കകളാണ് നിലവിൽ ഒഴിവുള്ളത്. വെന്റിലേറ്ററോടു കൂടിയ ഐ.സി.യു 36 എണ്ണം ഒഴിവുണ്ട്. 59 വെന്റിലേറ്ററിൽ 33 എണ്ണമാണ് ഒഴിവുള്ളത്. സർക്കാർ മേഖലയിലുള്ള നാല് കൊവിഡ് ആശുപത്രികളിലായി 297 കിടക്കകളിൽ 137 എണ്ണം ഒഴിവുണ്ട്. സ്വകാര്യ മേഖലയിൽ 17 ആശുപത്രികളിലായി 3,202 ബെഡുകളുള്ളതിൽ 1737 എണ്ണം ഒഴിവാണ്. 55 വെന്റിലേറ്ററുകളുള്ളതിൽ 29 എണ്ണവും ഒഴിവാണ്. 355 കൊവിഡ് കെയർ സെന്ററുകളും 342 ഇൻസ്റ്റിറ്റ്യൂട്ട് ക്വാറന്റൈൻ കേന്ദ്രങ്ങളും 13 പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളുമാണ് ജില്ലയിലുള്ളത്. താലൂക്ക് തലത്തിൽ കോഴിക്കോട് 138, കൊയിലാണ്ടി 93, താമരശ്ശേരി 50, വടകര 74 എന്നിങ്ങനെയാണ് കൊവിഡ് കെയർ സെന്ററുകളുടെ എണ്ണം.

രോഗവ്യാപനം കൂടുതലുള്ള തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിലും ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കാൻ കലക്ടർ സാംബശിവ റാവു നിർദ്ദേശം നൽകി.

ഓരോ പൊലീസ് സ്റ്റേഷനിലും എസ്.ഐ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പട്രോളിംഗ് ടീം രൂപീകരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട് കോർപ്പറേഷനിലും തിങ്കളാഴ്ച മുനിസിപ്പാലിറ്റികളിലും വാക്‌സിൻ കുത്തിവെപ്പ് ക്യാമ്പുകൾ നടക്കും. ഗ്രാമപഞ്ചായത്തുകളിലെ ക്യാമ്പ് ചൊവ്വാഴ്ച കോഴിക്കോട് താലൂക്ക്, വ്യാഴാഴ്ച താമരശ്ശേരി താലൂക്ക്, വെള്ളിയാഴ്ച വടകര താലൂക്ക്, ശനിയാഴ്ച കൊയിലാണ്ടി താലൂക്ക് എന്നീ ക്രമത്തിലായിരിക്കും.