km-shaji

കോഴിക്കോട്: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം.ഷാജി എം.എൽ.എ യുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡ് 13 മണിക്കൂറോളം നീണ്ടു. കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടി രൂപയുടെ കറൻസി പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തു. രണ്ടിടത്തും രാവിലെ ഏഴരയ്ക്ക് പരിശോധന തുടങ്ങിയിരുന്നു. കോഴിക്കോട്ട് ഉത്തരമേഖലാ വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നലെ രാത്രി എട്ട് മണിവരെ നീണ്ടു. ഇവിടെ നിന്നുള്ള സ്പെഷ്യൽ സെൽ സംഘമാണ് കണ്ണൂരിലും റെയ്ഡ് നടത്തിയത്.

കെ.എം ഷാജി വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ അഡ്വ. എം.ആർ.ഹരീഷ് നൽകിയ പരാതിയിലാണ് വിജിലൻസ് കേസ്. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എസ്.പി എസ്. ശശിധരൻ മാർച്ച് 19ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കെ.എം ഷാജി കഴിഞ്ഞ് ഒൻപത് വർഷത്തിനിടയിൽ ( 2011- 2020) വരവിനെ അപേക്ഷിച്ച് 166 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായി തെളിവുകളുണ്ടെന്നും കേസെടുക്കാവുന്നതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോർട്ട്. കേസ് എടുക്കാൻ അനുമതി തേടിയുള്ള ഈ റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി രണ്ട് തവണ മാറ്റി വച്ചിരുന്നു. അതിനിടയ്ക്ക് റിപ്പോർട്ട് വിലയിരുത്തിയ വിജിലൻസ് ഡയറക്ടർ കേസെടുക്കാൻ അനുമതി നൽകുകയായിരുന്നു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ ഒരേ സമയത്ത് ഷാജിയുടെ രണ്ടു വീടുകളിലും വിജിലൻസ് സംഘം റെയ്ഡിനെത്തുകയായിരുന്നു.

അരക്കോടിക്ക് രേഖയുണ്ടെന്ന് ഷാജി

കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ..എം ഷാജി എം.എൽ.എ. പറഞ്ഞു. ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിത്. രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സാവകാശം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.