ബാലുശ്ശേരി : ഉണ്ണികുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പു ദിവസം മുതൽ തുടങ്ങിയ സംഘർഷാവസ്ഥക്ക് ശാശ്വത പരിഹാരമായി സമാധാനം പുന:സ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നടന്ന സർവകക്ഷി അനുരഞ്ജന യോഗത്തിലാണ് പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാൻ തീരുമാനമായത്. എ.ഡി .എം. എൻ. പ്രേമചന്ദ്രൻ, താമരശ്ശേരി തഹസിൽദാർ ടി.ചന്ദ്രൻ ,പുരുഷൻ കടലുണ്ടി എം.എൽ.എ, ഉണ്ണികുളം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ,വൈസ് പ്രസിഡന്റ് നിജിൽ രാജ്, സി ഐ രാജേഷ് മനങ്കരത്ത് എന്നിവരും വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ചെയർമാനും തഹസിൽദാർ പി ചന്ദ്രൻ കൺവീനറുമായ അനുരഞ്ജന കമ്മിറ്റി രൂപീകരിച്ചു. കോൺഗ്രസ്, സി.പി.എം, മുസ്‌ലിംലീഗ് , എൻ.സി.പി , ബി.ജെ.പി എന്നീ രാഷ്ട്രീയ പാർട്ടികളുടെ രണ്ട് വീതം പ്രതിനിധികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തകർക്കപ്പെട്ട ഇരുവിഭാഗത്തിന്റെയും പാർട്ടി ഓഫീസുകളും സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെയും അനുരഞ്ജന കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് സന്ദർശനം നടത്തും. ഇനിയൊരു തീരുമാനം ഉണ്ടാകും വരെ പ്രതിഷേധ പ്രകടനങ്ങളോ പൊതുയോഗങ്ങളോ പാടില്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റക്കാർക്കെതിരെ നടപടി എടുക്കുക, അക്രമ സാധ്യതയുള്ള മേഖലകളിൽ പോലീസ് സംരക്ഷണം ഉറപ്പാക്കുക എന്നീ തീരുമാനങ്ങൾ ഐക്യകണ്ഠ്യേന നടപ്പാക്കാൻ അനുരഞ്ജന കമ്മിറ്റി നേതൃത്വം നൽകും.