സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ ആനവണ്ടി ഫാൻസുകാരുടെ സ്‌നേഹ പ്രകടനം അതിര് കവിഞ്ഞപ്പോൾ കെ.എസ്.ആർ.ടി. ബസിനും ജനങ്ങൾക്കും ശല്യമായി മാറി. ആനവണ്ടി ഫാൻസ് മീറ്റ് എന്നപേരിലാണ് തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോട്ടയം,കട്ടപ്പന, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം വരുന്ന ഫാൻസുകാരുടെ സ്‌നേഹപ്രകടനമാണ് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പായിൽ അതിര് കടന്നത്. ഫാൻസുകാർ കഴിഞ്ഞ ദിവസം ബത്തേരിയിലെത്തി രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച ഡിപ്പോവിലെത്തിയ ഫാൻസുകാർ യാത്ര പോകാനുള്ള രണ്ട് ബസുകളും അലങ്കരിച്ചു. തുടർന്ന് പൂത്തിരി കത്തിച്ച് ആഘോഷിച്ചു. ഡിപ്പോവിൽ ബസിന് സമീപം നടത്തിയ ഈ ആഘോഷത്തെ ജീവനക്കാർ എതിർത്തിരുന്നു. ഇരുപത് മീറ്റർ ദൂരത്താണ് ഡീസൽ പമ്പ്. വൻ ദുരന്തത്തിന് ഇടയാക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തങ്ങ, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഫാൻസുകാർ വിനോദത്തിനായി പോയത്. ഓരോ കേന്ദ്രങ്ങളിലെത്തിയപ്പോഴും ബസിന്റെ മുകളിലായി ആഘോഷം. ബസിന് കേട് വരും വിധമുള്ള ആഘോഷമാണ് ബസിന്റെ മുകളിൽ കയറിയ ഫാൻസുകാർ നടത്തിയത്. ബസിന്റെ മുകളിൽ കയറിയുള്ള ആഘോഷം പാടില്ലെന്ന് ഡ്രൈവർ പറഞ്ഞങ്കിലും ആരും ചെവികൊണ്ടില്ലെന്ന് ഡ്രൈവർ പറഞ്ഞു. ബസിനെ സ്‌നേഹിക്കുന്നതിന്റെ പേരിൽ ബസിന്റെ അന്തകരായി മാറിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.