കോഴിക്കോട്: കൊവിഡ് വ്യാപനം ചെറുക്കാൻ ഹോട്ടലുകൾ രാത്രി ഒൻപതിന് അടക്കണമെന്ന നിർദ്ദേശം അപ്രായോഗികമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഒട്ടും പാലിക്കാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ ഉത്തരവാദികൾ. പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങളും വ്യാപാരികളുമാണ്.

ഒരു വർഷത്തിലേറെയായി വ്യാപാരമാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് രാത്രി ഒൻപതിന് അടക്കണമെന്ന പുതിയ നിബന്ധന. നിർദ്ദേശം. റംസാൻ നോമ്പ് ആരംഭിച്ചതോടെ പകൽ നേരത്തെ കച്ചവടം 60 ശതമാനത്തോളം കുറയും. രാത്രി വൈകി വരെ കിട്ടുന്ന ബിസിനസിലൂടെയാണ് ഹോട്ടലുകൾക്ക് അല്പമെങ്കിലും പിടിച്ചുനിൽക്കാനാവുക. ആവശ്യത്തിന് മുൻകരുതലുകളോടെ രാത്രി 11 മണിവരെയെങ്കിലും തുറക്കാൻ അനുവാദം നൽകണം.

പകുതി സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും വിചിത്രമാണ്. വാഹനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും സാമൂഹിക അകലം പാലിക്കാതെ യാത്രചെയ്യുന്നവർ ഹോട്ടലുകൾക്കകത്ത് മാത്രം അകലം പാലിച്ചതുകൊണ്ട് പ്രയോജനമില്ല. ഇരുപതിൽ താഴെ ഇരിപ്പിടസൗകര്യമുള്ള ചെറുകിട ഹോട്ടലുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

കല്ല്യണച്ചടങ്ങുകൾക്ക് ഭക്ഷണം പാഴ്‌സൽ നൽകണമെന്ന നിർദ്ദേശവും അപ്രായോഗികമാണ്. അതിഥികളെ അപമാനിക്കുന്നതിന് തുല്യമാണത്.