കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രണ്ടര വർഷം മുമ്പ് മന്ത്രി ജലീലിനെതിരെ തുടങ്ങിവച്ച പോരാട്ടത്തിനു ഫലപ്രാപ്തിയുണ്ടായത് നിനച്ചിരിക്കാത്ത വേളയിൽ.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് 2018 നവംബർ രണ്ടിന് ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിക്കെതിരെ ഫിറോസ് ആദ്യമായി ആരോപണമുയർത്തിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിശ്ചിതയോഗ്യതയിൽ ഇളവ് വരുത്തി ജനറൽ മാനേജരായി അടുത്ത ബന്ധുവായ കെ.ടി അബീദിനെ നിയമിച്ചെന്നത് അദ്ദേഹം പുറത്തുവിട്ടത് രേഖകൾ സഹിതമായിരുന്നു. മന്ത്രി ജലീൽ ആരോപണം നിഷേധിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോഴേക്കും അബീദിന് രാജിവയ്ക്കേണ്ടിവന്നു.
ജലീനെതിരെ നടപടി ആവശ്യപ്പെട്ട് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മന്ത്രിയെ പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാരിന്റെ അനുമതി വേണമെന്ന സാങ്കേതിക കാരണത്താൽ ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്ന് ഗവർണർക്ക് പരാതി നൽകിയെങ്കിലും തെളിവുകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി. ഒടുവിൽ മന്ത്രിസഭയുടെ കാലാവധി കഴിയാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ ലോകായുക്തയിലൂടെ വിജയം കണ്ടെത്തുകയായിരുന്നു.
ജലീലിനെതിരായ പോരാട്ടം:
മുന്നിൽ നിന്നത് സഹീറും
കെ.പി. കൈലാസ് നാഥ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവച്ചതിൽ ഏറെ സന്തോഷിക്കുന്നവരിലൊരാൾ, നിയമനത്തിൽ തഴയപ്പെട്ട സഹീർ കാലടിയാണ്. നീതിക്കായി രണ്ട് വർഷം നടത്തിയ നിരന്തര പോരാട്ടത്തിനിടെ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടതും മറ്റാരുമല്ല..
മതിയായ വിദ്യാഭ്യാസ യോഗ്യതയും പൊതുമേഖലയിൽ പ്രവർത്തന പരിചയവുമുണ്ടായിട്ടും സഹീറിനെ അവഗണിച്ച് മന്ത്രിയുടെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചു. ഇതിനെതിരെ പ്രതികരിച്ച സഹീറിന് നിലവിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം മാൽകോ ടെക്സിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു. ജോലിസ്ഥലത്തെ ഗുരുതര തൊഴിൽ പീഡനം നിരന്തരം ഏൽക്കേണ്ടിവന്നതിനെ തുടർന്ന് 2019 ജൂലായ് ഒന്നിന് 20 വർഷം സർവീസ് ബാക്കി നിൽക്കെയാണ് രാജി. പിന്നീട് ഒറ്റയാൾ പോരാട്ടവുമായി സഹീർ രംഗത്തിറങ്ങി.
എം.കോം, പി.ജി ഡിപ്ലോമ യോഗ്യതയുള്ള സഹീർ കുറ്റിപ്പുറം മാൽകോടെക്സിൽ അക്കൗണ്ട്സ് മാനേജരായിരുന്നു. സഹീറിന്റെ അപേക്ഷയിൽ ഡിപ്ളോമയുടെ തുല്യതാ സർട്ടിഫിക്കറ്ര് ഹാജരാക്കിയില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അദീബിനും തുല്യതാ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ലോകായുക്തയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 2019ൽ വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോൾ തുല്യതാ സർട്ടിഫിക്കറ്റില്ലാതെതന്നെ ഇയാളുടെ അപേക്ഷ സ്വീകരിച്ച് ചുരുക്കപ്പട്ടികയിൽ ചേർത്തു. എന്നാൽ മാൽകോടെക്സിൽ നിന്ന് എം.ഡി എൻ.ഒ.സി നൽകാത്തതിനാൽ നിയമനം നിഷേധിക്കപ്പെട്ടു.
നിയമനം ലഭിച്ച അദീബ് സേവനകാലത്തെ ശമ്പളം തിരിച്ചടച്ചാൽ അഴിമതി ആരോപണം നിലനിൽക്കില്ല. എന്നാൽ, സഹീറിനെപ്പോലെ അപേക്ഷകരിലാരെങ്കിലും കോടതിയെ സമീപിച്ചാൽ മന്ത്രി കുടുങ്ങുമെന്നു കരുതിയാണ് തന്നെ ഭിഷണീപ്പെടുത്തുകയും പീഡിപ്പിക്കുയും ചെയ്തതെന്ന് സഹീർ പറയുന്നു. ജോലി ചെയ്ത കാലത്തെ ആനുകൂല്യത്തിന് സഹീറിന് പിന്നെ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. ഇപ്പോൾ മലപ്പുറം സഹകരണ ആശുപത്രി സെക്രട്ടറിയാണ് സഹീർ.
വോട്ടെടുപ്പിന് ശേഷം രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായശേഷമുള്ള കാലയളവിൽ രാജി വയ്ക്കുന്ന ആദ്യത്തെ മന്ത്രിയായി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് കെ.ടി. ജലീൽ.
വോട്ടെണ്ണലിന് ഇനി പതിനേഴ് ദിവസം. ഫലപ്രഖ്യാപനത്തിന് പിന്നാലെ പിണറായി മന്ത്രിസഭ രാജി വച്ചേക്കും. പിന്നീട് കാവൽമന്ത്രിസഭയാണ്. ഫലത്തിൽ സാങ്കേതികമായി 17 ദിവസത്തെ ആയുസുള്ള മന്ത്രിസഭയിൽ നിന്നാണ് ഒരംഗം ഇപ്പോൾ രാജിവച്ചൊഴിയുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ധാർമ്മികത ഉൾക്കൊണ്ട് രാജിവച്ച എം.എൽ.എമാരുണ്ട്. കോൺഗ്രസ്-എസ് വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻമന്ത്രി വി.സി. കബീർ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാത്തുനിൽക്കാതെ 2005ൽ രാജിവച്ചു. 2006ലെ തിരഞ്ഞെടുപ്പിന് കാത്തുനിൽക്കാതെ ജനതാദൾ വിട്ട ഡോ. നീലലോഹിതദാസ് നാടാരും എം.എൽ.എ സ്ഥാനമൊഴിഞ്ഞു.
1987ലെ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് വയലാർ രവി കരുണാകരൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ആഭ്യന്തരവകുപ്പ് അദ്ദേഹത്തിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധമായിരുന്നു കാരണം. തുടർന്ന് കൃഷി വകുപ്പാണ് അദ്ദേഹത്തിന് നൽകിയത്.