k-m-shaji

കോഴിക്കോട്: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം ഷാജി എം.എൽ.എയെ വൈകാതെ ചോദ്യം ചെയ്യുമെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കണ്ണൂരിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അവസാനിച്ചത്. കോഴിക്കോട്ടെ വീട്ടിലെ പരിശോധന 15 മണിക്കൂറിലേറെ നീണ്ടിരുന്നു.

കോഴിക്കോട്ട് വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 475 ഗ്രാം സ്വർണവും. 30,000 രൂപയും വിദേശ കറൻസികളും ഭൂമി ഇടപാടിന്റെയും പണമിടപാടിന്റെയും മറ്റും രേഖകളുമാണ് പിടിച്ചെടുത്തത്. കണ്ണൂരിൽ ഡിവൈ.എസ്.പി ജോൺസന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ചാലാടുള്ള വീട്ടിൽ നിന്ന് 47,35,500 രൂപയും 60 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കിടപ്പുമുറിയിൽ കട്ടിലിലിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചതായിരുന്നു കറൻസി കെട്ടുകൾ. രണ്ടിടത്തു നിന്നായി 77 രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധന തീരുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലുണ്ടാവും. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട്ടെ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.